മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്ത് മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ‘അനന്തൻ കാട്’ പുത്തൻ പോസ്റ്റർ പുറത്ത്. ബിഗ് ബജറ്റ് ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്‍റെ റോളിൽ എത്തുന്ന വിജയരാഘവനെയാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ജിയെൻ കൃഷ്ണകുമാർ ആണ്. ‘ടിയാൻ’ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
‘പൂക്കാലം’ സിനിമയിലൂടെ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതിന് പിന്നാലെ വിജയരാഘവന് ആശംസകൾ നേർന്നുകൊണ്ടാണ് സിനിമയുടെ പോസ്റ്റർ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യ നായകനായെത്തുന്നതോടൊപ്പം വമ്പൻ താരനിരയും ഒരുമിക്കുന്നു. മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.
ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’യിലെ സുനിൽ, അപ്പാനി ശരത്, ദേവ് മോഹൻ, സാഗർ സൂര്യ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നിഖില വിമൽ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. കാന്താര, മംഗലവാരം, മഹാരാജ തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം.
STORY HIGHLIGHT: ananthan kadu movie poster
















