രണ്ടു സീസണുകളിലായി പുറത്തിറങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പര സാത് നിഭാന സാത്തിയയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദേവോലിന ഭട്ടാചാര്യ. ഇപ്പോഴിതാ നിറത്തിന്റെ പേരിൽ തന്റെ കുഞ്ഞിനെ സമൂഹികമാധ്യമങ്ങളിലെ കമൻ്റുകളിലൂടെ അധിക്ഷേപിച്ചവരെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. വിവേചനരഹിതമായ ഒരു സമൂഹത്തിനായി ആഗ്രഹിക്കുന്നുവെന്നും. വർണവിവേചനത്തിനെതിരെ പോരാട്ടം തുടരുമെന്നും താരം പ്രതികരിച്ചു. വിദ്വേഷകരമായ കമന്റുകളുടെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചാണ് ദേവോലിന കേസ് ഫയൽ ചെയ്തിരിക്കുന്നത്.
‘ഒരു സെലിബ്രിറ്റി എന്ന നിലയിൽ, എന്റെ ജോലിയെയും ജീവിതശൈലിയെയും കുറിച്ചുള്ള ട്രോളുകളെ ഞാൻ സ്വാഗതം ചെയ്യുന്നു. അവ എന്നെ ബാധിക്കുന്നില്ല. സ്നേഹത്തോടൊപ്പം വിദ്വേഷവും ലഭിക്കുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ വിവാഹത്തെപോലും ചോദ്യം ചെയ്യുന്ന ട്രോളുകളോട് ഞാൻ മൗനം പാലിച്ചു. എന്നാൽ, തന്റെ മൗനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ട്രോളർമാർ തന്റെ കുഞ്ഞ് മകൻ ജോയ്‌ക്കെതിരെ നടത്തിയ വർണവിവേചനപരമായ അധിക്ഷേപം അതിരുകടന്നു. വർണവിവേചനം ഒരു കുറ്റകൃത്യമാണെന്ന് ട്രോളർമാർ മറക്കുന്നുവെന്നും ദേവോലിന പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ ഏഴ് മാസം പ്രായമുള്ള മകന്റെ നിറത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ കമന്റുകൾക്ക് ദേവോലിന രൂക്ഷമായ മറുപടി നൽകിയിരുന്നു. നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ചവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ തന്റെ സ്റ്റോറിയിൽ പങ്കുവെച്ചാണ് നേരത്തെ ദേവോലിന പ്രതികരിച്ചിരുന്നത്. ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം ദേവോലിന ഭട്ടാചാര്യയും ഷാൻവാസ് ഷെയ്ഖും 2022- ലാണ് വിവാഹിതരാകുന്നത്.
STORY HIGHLIGHT: devoleena bhattacharjee fights racist
















