വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി രംഗത്ത്. പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും അടൂരിന്റെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ…
പട്ടികജാതി വിഭാഗക്കാരെ അപമാനിച്ചു എന്നു പറയുന്നത് ശരിയല്ല. ഇന്ന് ലോകം അംഗീകരിച്ച ജീവിച്ചിരിക്കുന്ന സംവിധായകരിലൊരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. എത്രയെത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച വ്യക്തിയാണ് അടൂര്‍. സത്യജിത് റായ് പോലും തന്റെ പിന്‍ഗാമിയെന്ന് അംഗീകരിച്ച വ്യക്തിയാണ് അദ്ദേഹം. അങ്ങനെയൊരാള്‍ക്ക് അര്‍ഹതയുള്ളതുകൊണ്ടാണ് സിനിമാ കോണ്‍ക്ലേവ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചത്.
ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കെ തടസ്സപ്പെടുത്തി അഭിപ്രായം പറഞ്ഞത് തെറ്റാണ്. സംസ്‌കാരശൂന്യതയാണ്. പട്ടികജാതി -പട്ടിക വര്‍ഗം എന്നു പറഞ്ഞാല്‍ ഉടനെ അവരെ അപമാനിക്കലാണോ. അവര്‍ക്കല്ലേ പണം കൊടുക്കുന്നത്. അവര്‍ക്ക് സിനിമയില്‍ പശ്ചാത്തലം ഇല്ലാത്തവരാണെങ്കില്‍, അവര്‍ക്ക് ഒന്നരക്കോടി കൊടുക്കുന്നതിന് മുമ്പ് ചെറിയ പരിശീലനം കൊടുക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്?
അടൂര്‍ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ തടസ്സപ്പെടുത്തി പുഷ്പവതി സംസാരിച്ചത് തെറ്റാണ്. അടൂര്‍ പ്രസംഗിച്ചശേഷം അവര്‍ക്ക് അഭിപ്രായം പറയാമായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് എന്തു പറ്റിയെന്ന് ഇപ്പോഴും ചോദിക്കുകയാണ്. ആ റിപ്പോര്‍ട്ടിലുള്ള ചില വ്യക്തികള്‍ മന്ത്രിമാര്‍ക്ക് വരെ വേണ്ടപ്പെട്ടവരാണ്. രാഷ്ട്രീയക്കാര്‍ക്ക് വേണ്ടപ്പെട്ടവരായതിനാല്‍ അവരെ ഒഴിവാക്കാന്‍ വേണ്ടി അതെല്ലാം മാറ്റിക്കളഞ്ഞു.
കുറ്റം പറഞ്ഞ സ്ത്രീകള്‍ അവസാന നിമിഷം പിന്മാറി. താന്‍ സിനിമയില്‍ വന്നിട്ട് അരനൂറ്റാണ്ടിലേറെയായി. ജനാധിപത്യമോ സോഷ്യലിസമോ ഇല്ല, ഏകാധിപത്യം മാത്രമാണ് സിനിമയിലുള്ളത്. ഇരുപതോ ഇരുപത്തഞ്ചോ പേരടങ്ങുന്ന സംഘത്തിന്റെ ഏകാധിപത്യമാണ് സിനിമയിലുള്ളത്.
content highlight: Adoor statement in film conclave
















