സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിന് പിന്തുണയുമായി എത്തിയ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിയ്ക്കെതിരെ വിമർശനവുമായി ഗായിക പുഷ്പവതി പൊയ്പാടത്ത്. എതിർത്ത് പറയാൻ കഴിയാത്ത അത്ര ബഹുമാനം തമ്പി സാറിനോട് ഉണ്ടെന്നും അദ്ദേഹം എന്തു പറഞ്ഞാലും കുഴപ്പമില്ലെന്നും പുഷ്പവതി പറഞ്ഞു. പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് പുഷ്പവതിയുടെ പ്രതികരണം.
വാക്കുകൾ ഇങ്ങനെ…….
ചിലന്തികൾ നിരന്തരം വലകെട്ടുമ്പോൾ നമ്മൾ അത് മാറ്റിക്കൊണ്ടേയിരിക്കും. ഒരു കാലഘട്ടം കഴിഞ്ഞാൽ അവിടെ തീർന്നു നവോദാനം സാമൂഹ്യ നിർമിതി എന്ന് വിചാരിക്കുന്നുണ്ടോ? ഏത് കാലത്താണെങ്കിലും കളകൾ വളരുമ്പോൾ പിഴുതു കളയണം. ചില കാര്യങ്ങൾ പറയേണ്ട സമയം പറയണം. അടൂർ ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
അത്ര ദളിത് വിരുദ്ധത വാക്കുകളിലുണ്ടായിരുന്നു. ചില സമയങ്ങളിൽ ഇടയ്ക്ക് കയറി പറയേണ്ടി വരും. ഒരു വിഭാഗം മനുഷ്യരെ അധിക്ഷേപിക്കുന്ന പോലെ തോന്നിയതുകൊണ്ടാണ് പ്രതികരിച്ചത്.തമ്പി സാർ എന്ത് പറഞ്ഞാലും മറുപടി പറയാൻ കഴിയില്ല. അത്രമാത്രം ബഹുമാനമാണ്. അച്ഛനെ പോലെ കരുതുന്ന ആളാണ്. വിഷമമുണ്ടെങ്കിലും അത് സാരമാക്കുന്നില്ല. സിനിമ – സാഹിത്യ – സംഗീത ലോകത്ത് എന്ത് കൊണ്ട് ദളിതർ മാറ്റിനിർത്തപ്പെട്ടവരായി എന്നതിന്റെ ചരിത്രം പഠിക്കണം.
വഴക്കങ്ങളിലൂടെ വന്ന മനസുകൊണ്ട് അറിയാതെ പറഞ്ഞുപോകുന്നതിനെ ക്ഷമിക്കുകയാണ്. വിവാദങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ താത്പര്യമില്ല. പറഞ്ഞ കാര്യങ്ങൾക്കാണ് പ്രാധാന്യം. തമ്പി സാറിനെ പോലുള്ളവർ ഇനിയും പ്രതികരിക്കും. അവർക്കും ഇതുപോലെയുള്ള മനോഭാവമുണ്ടാകും. അത് വിഷമിപ്പിക്കും. സാമൂഹിക നിർമിതിക്കായി സംഗീതത്തിലൂടെ സംസാരിക്കുന്നയാളാണ് ഞാന്‍. മുതിർന്നവർ മനസിലാക്കിയില്ലെങ്കിലും പുതിയ തലമുറ ഇതെല്ലാം മനസിലാക്കണം.
ആശയപരമായ വിയോജിപ്പിൽ ഇടയിൽ കയറി പറയേണ്ടി വരും. ഒരുപാട് കാലങ്ങളോളം അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമാണത്. ആര് ശക്തി നൽകിയെന്നെ അടൂര്‍ ഗോപാലകൃഷ്ണന്‍ ചോദിച്ചതിന് അത് എന്റെ ഉള്ളിൽ തന്നെയുണ്ട് എന്നാണ് പറയാനുള്ളത്.
content highlight: Pushpavathy Poypadathu
















