നടൻ ഷാനവാസിന്റെ ആകസ്മിക വിയോഗത്തിൽ അനുഷോചനം രേഖപ്പെടുത്തി എം.മുകേഷ് എംഎൽഎ.
നാല് വർഷത്തോളമായി വൃക്ക – ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടൻ. അച്ഛന്റെ പേരും പ്രശസ്തിയും മകന് തുടർന്ന് കൊണ്ടുവരാൻ സാധിച്ചില്ല എങ്കിലും, സിനിമയെ അച്ഛനോളം തന്നെ ഇഷ്ടപ്പെട്ടിരുന്ന കലാകാരനാണ് ഷാനവാസെന്ന് മുകേഷ് കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ അനുസ്മരണം.
കുറിപ്പിങ്ങനെ…
ആദരാഞ്ജലികൾ…
ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്.. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരൻ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം.
അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
content highlight: M Mukesh MLA
















