ഓപ്പണ്‍ എഐയുടെ കഥ ആസ്പദമാക്കി സിനിമ അണിയറയിൽ ഒരുങ്ങുന്നു.’ആര്‍ട്ടിഫിഷ്യല്‍’ എന്ന് പേരിട്ടിരിക്കുന്ന ടെക് ഡ്രാമയിൽ ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാൻ ആയി വേഷമിടുന്നത് സ്‌പൈഡര്‍മാന്‍ താരം ആൻഡ്രൂ ഗാർഫീൽഡ് ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കോള്‍ മി ബൈ യുവര്‍ നെയിം സംവിധായകന്‍ ലുക ഗ്വാഡാഗ്നിനോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രീകരണം സാന്‍ഫ്രാന്‍സിസ്‌കോയില്‍ പുരോഗമിക്കുകയാണ്. 2026 ല്‍ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
ലോംബാര്‍ഡ് സ്ട്രീറ്റിലെ ഓള്‍ട്ട്മാന്റെ വസതിക്ക് മുമ്പില്‍ ഗാര്‍ഫീല്‍ഡ് ഉള്‍പ്പടെയുള്ളവരുടെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓപ്പണ്‍ എഐ മുന്‍ സിടിഒ മിറ മുറാട്ടിയുടെ കഥാപാത്രമായി ടോപ്പ് ഗണ്‍: മാവെറിക് താരം മോണിക്ക ബാര്‍ബറോ, സഹസ്ഥാപകനായ ഇല്യ സുറ്റ്‌സ്‌കീവറായി യുറ ബോറിസോവ് എന്നിവര്‍ എത്തും.
ജേസണ്‍ ഷ്വാര്‍ട്‌സ്മാന്‍, ഐക് ബാരിനോള്‍ട്ട്‌സ് തുടങ്ങിയവരും ലൊക്കേഷനിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓപ്പണ്‍ എഐ സഹസ്ഥാപകനും മുന്‍ സിഇഒയുമായ ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള പ്രമുഖരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ടെന്നാണ് വിവരം.സാന്‍ഫ്രാന്‍സിസ്‌കോയിലെ ഡൊളോറസ് പാര്‍ക്ക്, ഫില്‍മോര്‍ ജില്ല, റഷ്യന്‍ ഹില്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ചിത്രീകരണം നടക്കുന്നുണ്ട്.
സാം ഓള്‍ട്ട്മാന്റെ വസതിക്ക് പുറത്തും ചിത്രീകരണം നടക്കുന്നുണ്ട്. ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമായിരുന്ന ഓപ്പണ്‍ എഐ ഇന്ന് കാണുന്ന ആഗോള ടെക്ക് ഭീമനായി മാറിയ കഥയാണ് ചിത്രം പറയുന്നതെന്നാണ് വിവരം. സ്ഥാപനത്തിലെ അധികാരവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും ഇലോണ്‍ മസ്‌കുമായുണ്ടായ തര്‍ക്കങ്ങളുമെല്ലാം ചിത്രത്തിലുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
















