വിവാഹമോചന വാർത്തകൾക്കിടെ ഭർത്താവ് സൊഹൈൽ കതൂരിയക്കൊപ്പമുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്ത് ഹൻസിക മോട്‌വാനി. ഇത് ആരാധകർക്കിടയിൽ ദമ്പതികൾ വേർപിരിഞ്ഞെന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. ഇരുവരും വിവാഹമോചന വാർത്തകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
2022 ഡിസംബറിൽ നടന്ന ആർഭാടപൂർവമായ വിവാഹത്തിന് ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജിയോഹോട്ട്സ്റ്റാറിൽ ആറ് എപ്പിസോഡുകളുള്ള ഒരു ഷോയിലൂടെയാണ് തങ്ങളുടെ വിവാഹം ദമ്പതികൾ ആഘോഷിച്ചത്.
ദക്ഷിണേന്ത്യൻ സിനിമയിലെ പ്രശസ്തയായ നടിയായ ഹൻസിക , 2025 ജൂലൈ 18-ന് ശേഷം സോഷ്യൽ മീഡിയയിൽ പുതിയ പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല, ഇത് വിവാഹമോചന അഭ്യൂഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി. സോഷ്യൽ മീഡിയയിൽ നിന്നുള്ള അവരുടെ അസാന്നിധ്യവും സൊഹൈലിനൊപ്പമുള്ള മിക്ക പോസ്റ്റുകളും ഡിലീറ്റ് ചെയ്തതും ഇവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പലരും വിശ്വസിക്കാൻ കാരണമായി. സൊഹൈലിനൊപ്പമുള്ള കുറച്ച് പോസ്റ്റുകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും, അദ്ദേഹത്തോടൊപ്പമുള്ള ഭൂരിഭാഗം ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ച് താൻ അമ്മയുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് മാറി സൊഹൈലിനൊപ്പം താമസിക്കാൻ പോകുകയാണെന്ന് ഹൻസിക വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഇവർക്കിടയിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉടലെടുത്തതിനാൽ അമ്മയുടെ അടുത്തേക്ക് ഹൻസിക താമസം മാറിയതായും അഭ്യൂഹങ്ങളുണ്ട്.
നിലവിലെ അഭ്യൂഹങ്ങൾക്കിടയിൽ, 2023 മുതൽ ഓൺലൈനിൽ സജീവമല്ലാത്ത സൊഹൈൽ കതൂരിയ തൻ്റെ പ്രൊഫൈൽ പ്രൈവറ്റാക്കിയിരിക്കുകയാണ്. 2022-ൽ പാരീസിലെ ഈഫൽ ടവറിന് താഴെ വെച്ച് സൊഹൈൽ വിവാഹാഭ്യർത്ഥന നടത്തിയതോടെ ഹൻസികയുടെയും സൊഹൈലിൻ്റെയും വിവാഹം വലിയ വാർത്തയായിരുന്നു. ‘ഹൻസികാസ് ലവ് ഷാദി ഡ്രാമ’ എന്ന റിയാലിറ്റി ഷോയുടെ പ്രധാന ആകർഷണം ഇവരുടെ വിവാഹനിശ്ചയവും വിവാഹ ചടങ്ങുകളുമായിരുന്നു.
വിവാഹനിശ്ചയം മുതൽ വിവാഹം വരെയുള്ള ദമ്പതികളുടെ യാത്രയും അവരുടെ വ്യക്തിപരവും വൈകാരികവുമായ നിമിഷങ്ങളും ഈ പരമ്പരയിൽ പകർത്തിയിരുന്നു.വിവാഹത്തിന് മുമ്പ് ഹൻസികയും സൊഹൈലും പരിചയക്കാരായിരുന്നു. സൊഹൈൽ മുൻപ് വിവാഹം കഴിച്ചത് ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജിനെയായിരുന്നു. ഹൻസികയുടെ സഹോദരനും സൊഹൈലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു എന്നതും ശ്രദ്ധേയമാണ്. വിവാഹമോചന വാർത്തകളെക്കുറിച്ച് ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അവരുടെ മൗനം കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. ദാമ്പത്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ ഹൻസിക മോട്‌വാനിയിൽ നിന്നോ സൊഹൈൽ കതൂരിയയിൽ നിന്നോ ഒരു പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
















