നടിയും,അവതാരകയുമായ ശില്‍പ ബാല പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് .യൂട്യൂബ് വ്ളോഗുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തന്റെ വിശേഷങ്ങള്‍ ശില്‍പ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ അരങ്ങേറ്റ ദിവസത്തില്‍ തനിക്കു സംഭവിച്ച ഒരു പിഴവിനെക്കുറിച്ചും അത് വളരെയധികം വിഷമിപ്പിച്ചതിനെക്കുറിച്ചുമാണ് തന്റെ പുതിയ വീഡിയോയില്‍ തുറന്ന് സംസാരിക്കുകയാണ് നടി.
ശില്‍പയുടെ വാക്കുകള്‍….
”കഴിഞ്ഞ ദിവസം തക്കിട്ടുവിന്റെ അരങ്ങേറ്റമായിരുന്നു. ആഭരണമൊക്കെ ഇട്ടാണ് അവള്‍ പ്രാക്ടീസ് ചെയ്തതു തന്നെ. അരങ്ങേറ്റ ദിവസം അതൊന്നും ഭാരമാകാതെ തോന്നാനാണ് അങ്ങനെ ചെയ്തത്. അങ്ങനെ ആ ദിവസം എത്തി. ഡാന്‍സ് ക്ലാസില്‍ വച്ച് മേക്കപ്പിട്ടതിനു ശേഷമാണ് അരങ്ങേറ്റം നടക്കുന്നിടത്തേക്ക് പോകുന്നത്. ഡാന്‍സ് സ്‌കൂളും വീടും അടുത്തടുത്താണെങ്കിലും, അരങ്ങേറ്റം നടക്കുന്നത് അല്പം ദൂരെയാണ്. ചിലങ്ക കിട്ടിയ ഉടനെ അത് കാലില്‍ കെട്ടി തരാന്‍ അവള്‍ പറഞ്ഞിരുന്നു. പക്ഷേ ഇപ്പോള്‍ വേണ്ട, ചിലങ്ക കെട്ടിയാല്‍ പിന്നെ ചെരുപ്പിടാന്‍ കഴിയില്ല എന്നു പറഞ്ഞ് ഞാന്‍ തടഞ്ഞു. അരങ്ങേറ്റസ്ഥലത്തു വെച്ച് ചിലങ്ക കെട്ടിത്തരാം എന്നും പറഞ്ഞു.
അരങ്ങേറ്റം നടക്കുന്ന ഇടത്തേക്ക് പോകുന്നതിന് മുന്‍പ് എനിക്കൊന്ന് കുളിച്ച് ഫ്രഷ് ആവണം എന്ന് തോന്നി. പെട്ടെന്ന് റെഡിയായി ഇറങ്ങി. പക്ഷേ യാത്ര പാതി ദൂരം പിന്നിട്ടപ്പോഴാണ്, ചിലങ്ക വീട്ടില്‍ വെച്ചുമറന്നു എന്ന് ഓര്‍ക്കുന്നത്. ഉടനെ പോര്‍ട്ടര്‍ ബുക്ക് ചെയ്തുവെങ്കിലും അതിനുള്ള സമയമില്ല. തിരിച്ച് വീട്ടില്‍ പോയി എടുക്കാനും സാധിക്കില്ല, പ്രോഗ്രാം തുടങ്ങി കഴിഞ്ഞു. മകള്‍ ചിലങ്കയില്ലാതെ അരങ്ങേറ്റം ചെയ്യുന്നത് എനിക്ക് വിഷയമല്ല, പക്ഷേ എല്ലാവരും ചിലങ്കയിട്ട് കളിക്കുമ്പോള്‍ അവള്‍ക്ക് എന്ത് തോന്നും, അവളതെങ്ങനെ എടുക്കും എന്നൊക്കെയുള്ള വിഷമമായിരുന്നു. അവളുടെ കോണ്‍ഫിഡന്‍സ് ഇല്ലാതാകുമോ എന്ന ഭയമായി. ഓവര്‍ ഡ്രാമറ്റിക് ആയ എന്നിലെ അമ്മയ്ക്ക് അതൊരു വലിയ കാര്യം തന്നെയാണ്. ആ നിമിഷം തക്കിട്ടുവിന്റെ കാലില്‍ വീണ് മാപ്പ് പറഞ്ഞ് കരയണം എന്ന് തോന്നിപ്പോയി.
പെര്‍ഫോമന്‍സ് കഴിഞ്ഞ്, മേക്കപ്പ് ഓരോന്ന് അഴിച്ചുവെയ്ക്കുമ്പോള്‍, തക്കിട്ടുവിന് അമ്മയോട് ദേഷ്യമുണ്ടാവും, ചിലങ്ക മറന്നുവച്ചത് വലിയ തെറ്റായിപ്പോയെന്ന് ഞാന്‍ അവളോട് പറഞ്ഞു. അമ്മേ ചിലങ്ക ഇടാത്തത് കാരണം എനിക്കിന്ന് രണ്ട് ഗുണങ്ങളുണ്ടായി. ഒന്ന് ചിലങ്ക ഇട്ടില്ല എന്ന് ആരും കാണാതിരിക്കാന്‍ ഞാന്‍ നന്നായി അരമണ്ഡലം ഇരുന്നാണ് ഡാന്‍സ് ചെയ്തത്. കാല്‍ ഉയര്‍ത്തേണ്ട സ്ഥലത്ത് നന്നായി ഉയര്‍ത്തുകയും ചെയ്തു എന്നാണ് അവള്‍ മറുപടി പറഞ്ഞത്. ആ മറുപടി കേട്ട് ഞാനവളെ വാരിപ്പുണര്‍ന്ന് ഉമ്മവെച്ചു”.
















