തെന്നിന്ത്യയിലെ മികച്ച താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. ഇപ്പോഴിതാ സിനിമാ മേഖലയിൽ 33 വർഷം പൂർത്തിയാക്കിയ ഭർത്താവ് അജിത്തിന് വേണ്ടി ഇൻസ്റ്റാഗ്രാമിൽ ഹൃദയംഗമമായ ഒരു കുറിപ്പ് പങ്കുവെച്ച് ശാലിനി. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
‘നിങ്ങള്‍ കരിയര്‍ കെട്ടിപ്പടുക്കുക മാത്രമല്ല ആളുകളേയും ഒപ്പം കൂട്ടി ജീവിതം മാറ്റി മറിച്ചു. ദയയോടു കൂടി ഇത്രയും കാര്യങ്ങള്‍ ചെയ്ത നിന്നെയോര്‍ത്ത് ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. ആശംസകള്‍.’- ശാലിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശാലിനിയുടെ പോസ്റ്റിന് പിന്നാലെ ആരാധകരും അജിത്ത് ചെയ്ത നല്ല കാര്യങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തി. ‘മനുഷ്യനെ ദയാലുവാകാനും ആവശ്യഘട്ടത്തില്‍ സഹായിക്കാനും സ്വപ്‌നങ്ങളെ ഉപേക്ഷിക്കാതിരിക്കാനും പഠിപ്പിച്ചു’ എന്നാണ് അഭിനേതാവായ ജോണ്‍ കൊക്കന്‍ കുറിച്ചത്.
സിനിമമേഖലയില്‍ നിന്നുള്ള ഏറ്റവും നല്ല ദമ്പതിമാര്‍ എന്നാണ് മറ്റൊരു ഉപയോക്താവ് പറഞ്ഞത്. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ‘ ആക്‌സിഡെന്റല്‍ നടന്‍’ എന്നാണ് അജിത് സ്വയം വിശേഷിപ്പിച്ചത്. പതിനെട്ടാം വയസില്‍ അജിത് മോട്ടോര്‍ റേസിങ് തുടങ്ങിയപ്പോള്‍ ഇത്ര ചെലവേറിയ ഒരു കാര്യം പിന്തുണയ്ക്കാന്‍ സാധിക്കില്ല എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.
റേസിങ് ട്രാക്കില്‍ നില്‍ക്കുമ്പോള്‍ പരസ്യ മേഖലയിലെ ഒരാളുടെ ക്ഷണത്തിന്റെ ഫലമായി ടെലിവിഷന്‍ പരസ്യത്തിലും മറ്റും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. കുറച്ച് സിനിമകള്‍ ചെയ്ത് അന്നുണ്ടായിരുന്ന ചില ബാധ്യതകള്‍ തീര്‍ക്കണം എന്നല്ലാതെ പ്രശസ്തി ആഗ്രഹിച്ചല്ല അഭിനയരംഗത്തെത്തിയതെന്നും അജിത് വ്യക്തമാക്കിയിരുന്നു. 1990-ല്‍ ‘എന്‍ വീട് എന്‍ കണവര്‍’ എന്ന തമിഴ് സിനിമയിലൂടെയാണ് അജിത് അഭിനയരംഗത്തേക്ക് വരുന്നത്.
തെലുങ്ക് സിനിമയായ പ്രേമ പുസ്തകത്തില്‍ ആദ്യമായി പ്രധാന വേഷം അവതരിപ്പിച്ചു. ആദിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’യിലാണ് അവസാനമായി അഭിനയിച്ചത്. 1999-ല്‍ ശാലിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയതിന്റെ അടുത്ത വര്‍ഷം ചെന്നൈയില്‍ വെച്ചാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്, അനൗഷ്‌ക, ആദ്വിക്.
















