ദോഹ: മൈനകളെ നിയന്ത്രിക്കാൻ വിപുലമായ പദ്ധതിയുമായി ഖത്തർ. പക്ഷികളെ തുരത്താൻ പൊതുജനങ്ങളോട് സഹായം തേടിയിരിക്കുകയാണ് അധികൃതർ. മൈനകൾക്ക് ഭക്ഷണം നൽകരുതെന്നും ഭക്ഷണാവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ വലിച്ചെറിയരുതെന്നും നിർദേശം നൽകി.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് ആക്രമണകാരികളായ മൈനകളെ തുരത്താനുള്ള നടപടികളിൽ പൊതുജനങ്ങളുടെ പിന്തുണയും സഹായവും വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. മൈനകളെ തുരത്താൻ പൊതുജനങ്ങൾക്കായി ലളിതമായ മാർഗങ്ങളും അധികൃതർ നിർദേശിച്ചിട്ടുണ്ട്. മൈനകളെ കൂട്ടമായി കാണുകയോ അവ കൂടുകെട്ടുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം അധികൃതരെ അറിയിക്കണം. മൈനകളുടെ സാന്നിധ്യം യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിലൂടെ അപകടകാരികളായ മൈനകളെ നിയന്ത്രിക്കുന്നതിനുള്ള വിദഗ്ധ സംഘത്തിന്റെ നടപടികൾ കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
പ്രത്യേകിച്ചും വളർത്തുമൃഗങ്ങൾക്ക് നൽകിയ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. മാലിന്യനിക്ഷേപ പെട്ടികൾ മൂടി വയ്ക്കുകയും വേണം. വീടിന്റെ ഭിത്തികളിലെയും മേൽക്കൂരകളിലെയും ദ്വാരങ്ങൾ അടയ്ക്കുന്നതും മരങ്ങളിലെ ഉണങ്ങിയ ചില്ലകൾ നീക്കുന്നതും മൈനകൾ കൂടു വയ്ക്കുന്നത് തടയാൻ സഹായകമാകും.
മൈനകളെ പിടികൂടാനായി പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കൂടുകളും കെണികളും പൊതുജനങ്ങൾ നശിപ്പിക്കുകയോ തുറക്കുകയോ ചെയ്യരുത്. ഉചിതമായ രീതിയിൽ വിദഗ്ധ സംഘം അവ കൈകാര്യം ചെയ്യുമെന്നും അധികൃതർ ഓർമപ്പെടുത്തി. മൈനകളെ തുരത്താനുള്ള മാർഗങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കുവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും ആക്രമണകാരികളായ പക്ഷികളായാണ് മൈനകളെ കണക്കാക്കുന്നത്. ഖത്തറിലേക്ക് എത്തിയ മൈനകൾ തിരികെ മടങ്ങാതെ രാജ്യത്ത് തന്നെ തുടരുന്നത് ആവാസ വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന സാഹചര്യത്തിലാണ് ഇവയെ തുരത്താൻ മാസങ്ങളായി അധികൃതർ കടുത്ത നടപടികൾ സ്വീകരിച്ചു വരുന്നത്. ഇതിനായി രാജ്യമൊട്ടാകെ കൂടുകളും കെണികളും സ്ഥാപിച്ച് പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനകം പതിനായിരകണക്കിന് മൈനകളെയാണ് കെണിവച്ച് പിടിച്ചത്.
















