ചോറ്റാനിക്കരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ കലാഭവൻ നവാസിനെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ. ജീവിതത്തിൽ സഹോദരനും ഗുരുസ്ഥാനീയനുമായിരുന്നു നവാസെന്നും വിഷമം പുറത്തു കാണിക്കാതെ നവാസിന്റെ സഹോദരൻ നിയാസ് സ്വയം ഉരുകുന്നത് മനസ്സിലാകുന്നുണ്ടെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം. സഹോദരൻ നിയാസും സ്നേഹയും ശ്രീകുമാറും മറിമായത്തിൽ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കുടുംബം പോലെ ആയിരുന്നെന്നും പറയുന്നു.
കുറിപ്പിൽ നിന്നും………
നവാസിക്ക പോയി… കേട്ടപ്പോൾ മുതൽ വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യാത്രയിൽ ആയിരുന്നു. കൊല്ലം കഴിഞ്ഞപ്പോൾ ആണ് ഈ വാർത്ത അറിയുന്നത്. അപ്പോൾ മുതൽ സത്യം ആകരുതേ എന്ന് കരുതി.. രാവിലെ ഷൂട്ട് തീർത്തു ഉച്ചക്ക് തന്നെ പുറപ്പെടാൻ നോക്കി പക്ഷെ വന്ദേഭാരത് പോലും ഒരുമണിക്കൂർ വൈകിയാണ് വന്നത്.
സ്റ്റേഷനിൽ ടിനിച്ചേട്ടൻ ഉണ്ടായിരുന്നു, അവിടെ എത്താൻ പറ്റാത്ത സങ്കടത്തിൽ ആയിരുന്നു. ഷാജോൺചേട്ടൻ ആ സമയത്തു വീഡിയോ കാൾ വിളിച്ചു, അങ്ങിനെ അവസാനമായി ഞങ്ങൾ ഇക്കയെ കണ്ടു.. നവാസിക്ക എനിക്ക് സഹോദരനും ഗുരുസ്ഥാനിയനും ആണ്. ഒന്നിച്ചുള്ള പരിപാടികൾ, യാത്രകൾ എല്ലാം ഓർമയായി.. ആരോഗ്യകാര്യങ്ങളിൽ ശ്രദിച്ചിരുന്നു, ദുശീലങ്ങൾ ഇല്ല, നന്നായി സംസാരിക്കും പെരുമാറും അങ്ങിനെ ഏറ്റവും പ്രിയപ്പെട്ട നവാസിക്ക… നിയാസിക്കയുടെ കുടുംബം ഞങ്ങളുടെയും ആണ്, ഈ വിയോഗം ഉമ്മായ്ക്കും രഹ്‌നചേച്ചിക്കും മക്കൾക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാർത്ഥന മാത്രം..
ചെറുപ്പം മുതലേ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഏറ്റടുത്തു നിയാസിക്കക്ക് കുറെയൊക്കെ പിടിച്ചു നിക്കാൻ പറ്റും… പുറത്തു കാണിക്കാതെ ആ മനുഷ്യൻ സ്വയം ഉരുകുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്…എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ല എന്ന് പറയുമ്പോൾ… ഇപ്പഴും വിശ്വസിക്കാൻ പ്രയാസം.. ചെയ്തു വച്ച പരിപാടികളും കഥാപാത്രങ്ങളും നിലനിൽക്കും.. അത് കലാകാരൻ ആയതു കൊണ്ടുള്ള ഒരു അനുഗ്രഹം ആണ്.
content highlight: Sneha Sreekumar fb post
















