താരപരിവേഷമില്ലാതെ ലഭിക്കുന്ന കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിച്ച അഭിനയ പ്രതിഭ,സൂക്ഷ്മാഭിനയവും ഗാംഭീര്യമുള്ള ശബ്ദവും കൊണ്ട് അനശ്വരനായി മാറിയ മുരളിയുടെ ഓർമ്മകൾക്ക് 16 വർഷം.മുരളി എന്ന മലയാളികളുടെ പ്രിയനടന്റെ വേർപാടിലുണ്ടായ വിടവ് ഇത്രയും കാലമായിട്ടും നികത്താൻ ആർക്കുമായില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. പഞ്ചാഗ്നി, അമരം, ആകാശദൂത്, ഗ്രാമഫോണ്‍, ലാല്‍സലാം, ചമയം, ചകോരം, വിഷ്ണുലോകം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങള്‍ അദ്ദേഹം അതുല്യമായ അഭിനയപാടവം കൊണ്ട് അനശ്വരമാക്കി.കൂടുതലും ചെയ്തത് പരുക്കൻ വേഷമായിരുന്നെങ്കിലും കോമഡിയും റൊമാന്‍സും ആക്ഷനുമൊക്കെ ഏറെ ആഴമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം അദ്ദേഹം സ്ക്രീനില്‍ പകര്‍ന്നാടിയിട്ടുണ്ട്.ഉജ്ജ്വലമായ ഭാവാഭിനയവും തീര്‍ത്തും വ്യത്യസ്തമായ ശരീരഭാഷയും ശബ്ദവിന്യാസത്തിലെ മികവുമാണ് മുരളിയെ നടനേതിഹാസമാക്കുന്നത്. ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയാണ് മുരളിയുടെ ആദ്യചിത്രം. അരവിന്ദന്റെ ചിദംബരം രണ്ടാമത്തെ ചിത്രം. എന്നാല്‍ പഞ്ചാഗ്‌നിയിലെ വേഷമാണ് മുരളിയെ മലയാളികളുടെ മനസില്‍ അടയാളപ്പെടുത്തിയത്.
കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാർഷികകുടുംബത്തിൽ വെളിയം കുടവട്ടൂർ പൊയ്കയിൽ വീട്ടിൽ കെ ദേവകിയമ്മയുടെയും പി കൃഷ്ണപിള്ളയുടെയും മകനായി 1954 മേയ് 25-നാണ് മുരളിയുടെ ജനനം.കുടവട്ടൂർ എൽ പി സ്‌കൂൾ, തൃക്കണ്ണമംഗലം എസ് കെ വി എച്ച് എസ്, തിരുവനന്തപുരം ശാസ്‌താംകോട്ട ദേവസ്വം ബോർഡ് കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.ആരോഗ്യവകുപ്പിൽ എൽ ഡി ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പിന്നീട് യൂണിവേഴ്‌സിറ്റിയിൽ യു ഡി ക്ലർക്കായും നിയമനം ലഭിച്ചു.അതിനു ശേഷം മുരളി നാടക വേദിയിൽ സജീവമാവുകയും ജോലി രാജി വെയ്ക്കുകയും ചെയ്തു. കുടവട്ടൂര്‍ എല്‍പി സക്കൂളില്‍ പഠിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ സക്കൂളില്‍ അവതരിപ്പിച്ച നാടകത്തിലെ ബാലതാരമായാണ് മുരളി ആദ്യം സ്‌റ്റേജിലെത്തുന്നത്.തിരുവനന്തപുരത്തെ പ്രശസ്ത നാടകകളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്.
ഭരത് ഗോപി മുരളിയെ നായകനാക്കി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല.തുടര്‍ന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.തുടര്‍ന്ന് മീനമാസത്തിലെ സൂര്യന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം.വെങ്കലത്തിലെ ഗോപാലന്‍ മൂശാരി,ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമന്‍,ആധാരത്തിലെ ബാപ്പൂട്ടി എന്നിവ മുരളിയുടെ ചലച്ചിത്രജീവിതത്തിലെ മികച്ച കഥാപാത്രങ്ങളാണ്.നെയ്ത്തുകാരനിലെ അഭിനയത്തിലൂടെ 2002ല്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.നാല് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരവും രണ്ട് തവണ സഹനടനുള്ള പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.2013ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയത് മഞ്ചാടിക്കുരുവാണ് അവസാനമായി അഭിനയിച്ച ചിത്രം.
ജീവിതത്തിന്റെ അവസാന പത്തുവർഷകാലം കടുത്ത പ്രമേഹരോഗബാധിതനായിരുന്ന മുരളി.2009 ഓഗസ്റ്റ് 6-ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. തിരുവനന്തപുരത്തെ പ്രശസ്ത നാടകക്കളരിയായ നാട്യഗൃഹം മുരളിയുടെ കൂടി ശ്രമഫലമായി രൂപപ്പെട്ടതാണ്.ഇടതുപക്ഷ ചിന്താഗതിക്കാരനായ മുരളി,1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ കോക്‌സഭ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കാർക്കശ്യക്കാരനായ അധ്യാപകനായും, ഉത്തരവാദിത്ത ബോധമുള്ള പോലീസുകാരനായും, ഇടയ്‌ക്കൊക്കെ കുസൃതികാരനായ കൂട്ടുകാരനായും മുരളിയെന്ന പ്രതിഭ നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ സിനിമയാണെന്ന് മറന്ന് അത് കണ്ടിരുന്നു. ശബ്‌ദഗാംഭീര്യം ആവോളമുള്ള, പൗരുഷം ശരീരഭാഷയിൽ പ്രകടമായ മുരളിയെന്ന മാണിക്യത്തിന്റെ മൂല്യം ആദ്യം തിരിച്ചറിഞ്ഞത് നരേന്ദ്രപ്രസാദ് ആയിരുന്നു. സിഎൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്‌മി നാടകം അരങ്ങിലെത്തിയപ്പോൾ രാവണന്റെ വേഷം മുരളിയിൽ ഭദ്രമായിരുന്നു.
കടമ്മനിട്ട, കൈതപ്രം, പ്രൊഫസർ അലിയാർ തുടങ്ങിയ സൗഹൃദ നിര പലപ്പോഴും മുരളിയ്ക്ക് തുണയായി നിന്നു.
ഒടുവിൽ 2009 ഓഗസ്‌റ്റ് 6ന് തിരുവനന്തപുരത്ത് വച്ച് മുരളി എന്ന അഭിനയ കുലപതി ലോകത്തോട് വിടപറഞ്ഞപ്പോൾ ചെയ്യാൻ ബാക്കി വച്ച വേഷങ്ങൾ ഏറെയാണ്. പകരക്കാരില്ലാത്ത അഭിനയ പ്രതിഭകളുടെ നിരയിലാണ് അദ്ദേഹത്തിന്റെയും സ്ഥാനം. കാരണം മുരളിയ്ക്ക് മുൻപും പിൻപും അതുപോലൊരു നടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവാനും ഇടയില്ല…
സാമൂഹികാവബോധവും കലാബോദ്ധ്യവുമുള്ള ഈ പ്രതിഭ വിസ്മൃതിയിലാണ്ടുകൂടാ… മലയാള സിനിമയ്ക്ക് മുരലി സംഭവന നൽകിയ ഒരുപിടി നല്ല കഥാപാത്രങ്ങൾ ഏക്കാലും ഓർമ്മിക്കപെടേണ്ടതാണ്.
















