അടൂരിന്റെ വിവാദ പരാമർശത്തെ ചൊല്ലി വാദ്പ്രതിവാദങ്ങൾ കനക്കുകയാണ്. സർക്കാർ നൽകുന്ന ഒന്നരക്കോടി മുടക്കിയാണ് പിന്നോക്ക വിഭാഗങ്ങൾ പടമെടുക്കുന്നതെന്ന പരാമർശവും ഈ തുക വെറുതേ പോകുന്നെന്നുമാണ് അടൂർ പറഞ്ഞുവെച്ചത്. എന്നാൽ കെഎസ്എഫ്ഡിസി പണം മുടക്കി നിർമ്മിച്ച ഇത്തരം ചിത്രങ്ങളുടെ വിജയം എങ്ങനെയായിരുന്നു. പരിശോധിക്കാം…
സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോമായ സി സ്പേസില്‍ ഇത്തരത്തിൽ നിർമ്മിച്ച് റിലീസ് ചെയ്ത ഏഴുചിത്രവും വിജയമാണെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ അറിയിച്ചു. മൂന്ന് ചിത്രങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വനിതാവിഭാഗത്തില്‍ ആറും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍ നാല് ചിത്രങ്ങളുമാണ് സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിച്ചത്. ഓരോ സിനിമയുടെയും നിര്‍മാണത്തിന് ഒന്നരക്കോടി രൂപ വീതമാണ് നല്‍കിയത്.
വനിതാ വിഭാഗത്തില്‍ താരാ രാമാനുജന്‍ സംവിധാനം ചെയ്ത ‘നിഷിദ്ധോ’ മൂന്ന് പുരസ്‌കാരം നേടി. മികച്ച രണ്ടാമത്തെ സിനിമക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, ഒട്ടാവ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡ്, കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നവാഗത സംവിധായികയ്ക്കുളള എഫ്എഫ്എസ്‌ഐയുടെ – കെ ആര്‍ മോഹനന്‍ അവാര്‍ഡ് എന്നിവയാണ് നേടിയത്. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതല്‍ 44 വരെ’ 2023ല്‍ വനിത വിഭാഗത്തില്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാരം, തിരക്കഥയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, മാഡ്രിഡിലെ ഇമാജിന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ന്യൂഡല്‍ഹിയിലെ ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2024ലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഫിപ്രെസിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരം നേടിയ ശിവരഞ്ജിനി സംവിധാനം ചെയ്ത ചിത്രമാണ് ‘വിക്ടോറിയ. ഷാങ്ഹായ് ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഇതിലെ അഭിനയത്തിന് മീനാക്ഷി ജയന് ലഭിച്ചു. ഏഷ്യന്‍ ന്യൂ ടാലന്റ് വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മിനി ഐ ജിയുടെ ഡിവോഴ്സ്, ഇന്ദുലക്ഷ്മിയുടെ നിള, പി ഫര്‍സാനയുടെ മുംത എന്നിവയും വനിതാവിഭാഗത്തില്‍ നിര്‍മിച്ച ചിത്രങ്ങളാണ്. വിക്ടോറിയ, മുംത എന്നിവയുടെ റിലീസ് ഉടനുണ്ടാകും. വി എസ് സനോജിന്റെ ‘അരിക്’, അരുണ്‍ ജെ മോഹന്റെ ‘ചുരുള്‍’, മനോജ്കുമാര്‍ സി എസിന്റെ ‘പ്രളയശേഷം ഒരു ജലകന്യക’ എന്നിവയാണ് പട്ടികജാതി, പട്ടികവര്‍ഗവിഭാഗത്തില്‍ നിര്‍മിച്ച നാലുചിത്രങ്ങളില്‍ പുറത്തിറങ്ങിയവ. ഈ വിഭാഗത്തില്‍ സുനീഷ് വടക്കുമ്പാടന്റെ ‘കാട്’ ഉടന്‍ പുറത്തിറങ്ങും.
content highlight: KSFDC
















