ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ ധരാലിയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ സാറാ അലി ഖാൻ, സോനു സൂദ്, ഭൂമി പെഡ്‌നേക്കർ എന്നിവരുൾപ്പെടെ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങൾ ദുഃഖം രേഖപ്പെടുത്തി. “ഉത്തരാഖണ്ഡിലെ സംഭവത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കൊപ്പവും എൻ്റെ ഹൃദയവും വേദനിക്കുകയാണ്. എല്ലാവരുടെയും സുരക്ഷയ്ക്കും കരുത്തിനും രോഗശാന്തിക്കുമായി പ്രാർഥിക്കുന്നു.” സാറാ അലി ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
നടൻ സോനു സൂദ് സാമൂഹിക മാധ്യമത്തിലൂടെ ദുഃഖം രേഖപ്പെടുത്തി. “ഉത്തരാഖണ്ഡിലെ ഉത്തർകാശിയിലുണ്ടായ വിനാശകരമായ പ്രളയത്തിലും മേഘവിസ്ഫോടനത്തിലും ഹൃദയം തകരുന്നു. ദുരിതബാധിതരായ ഓരോ ജീവനും വേണ്ടി പ്രാർത്ഥിക്കുന്നു. രാജ്യം ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്. സർക്കാർ അതിന്റെ പങ്ക് ചെയ്യുമ്പോൾ, വീടും ഉപജീവനവും ജീവിതവും നഷ്ടപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി നമ്മൾ ഓരോരുത്തരും നിലകൊള്ളണം,” സോനു എക്സിൽ കുറിച്ചു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കയും സമീപകാല മേഘവിസ്ഫോടന ദുരന്തത്തിലെ ദുഃഖവും ഭൂമി പെഡ്‌നേക്കർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. “ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സംഭവിക്കുന്നത് ഹൃദയഭേദകമാണ്, അനിയന്ത്രിതമായ വികസനത്തിനായി വനങ്ങൾ വെട്ടിനശിപ്പിക്കുന്നു. പ്രകൃതിയെ സന്തുലിതമാക്കുന്നതിനെക്കുറിച്ച് യാതൊരു ചിന്തയുമില്ല. ഓരോ മഴക്കാലത്തും ഈ സംസ്ഥാനങ്ങൾ വെള്ളപ്പൊക്കം കാരണം അവിശ്വസനീയമായ നാശത്തിലൂടെയാണ് കടന്നുപോകുന്നത്. പുറത്തുവരുന്ന ദൃശ്യങ്ങൾ ഭയാനകമാണ്. ദുരന്തം നേരിടേണ്ടിവരുന്നവരെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. പ്രകൃതിയുടെ കോപത്തിന് മുന്നിൽ നാമെല്ലാവരും ഒന്നുമല്ല. പഠിക്കുക,” അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. ദുരന്തത്തിന്റെ നടുക്കുന്ന നിരവധി ദൃശ്യങ്ങളും വീഡിയോകളും നടി പങ്കുവെച്ചു.
പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ മാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ ഉർവശി റൗട്ടേല ദുഃഖം പങ്കുവെച്ചു.“ഹരിദ്വാറിന്റെ മകളെന്ന നിലയിൽ, ഉത്തരാഖണ്ഡിലെ ഓരോ കല്ലും ഓരോ നദിയും ഓരോ ശ്വാസവും എന്റെ ആത്മാവിന്റെ ഭാഗമാണ്. ഇന്ന്, ഉത്തർകാശിയിലെ ഖീർ ഗംഗാ നദിയിലുണ്ടായ വിനാശകരമായ വെള്ളപ്പൊക്കം കാണുമ്പോൾ എന്റെ നാട്, എന്റെ ജനങ്ങൾ, എന്റെ കുടുംബം.. വാക്കുകൾക്ക് ഉൾക്കൊള്ളാനാവാത്ത വേദന എനിക്ക് അനുഭവപ്പെടുന്നു. ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു, നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു, എന്റെ ശബ്ദവും സ്വാധീനവും ഉപയോഗിച്ച് സാധ്യമായ എല്ലാ വിധത്തിലും നിങ്ങൾക്ക് സഹായവും ശ്രദ്ധയും എത്തിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള എന്റെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും ഞാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു, നമുക്ക് ഒന്നിക്കാം. ഒരു ചെറിയ സംഭാവന പോലും, പ്രാർത്ഥനകൾ അയക്കുന്നത് പോലും അത് പ്രധാനമാണ്. അത് ജീവൻ രക്ഷിക്കും,” അവർ കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:40 -നുണ്ടായ മിന്നൽ പ്രളയത്തിൽ, പാറകളും അവശിഷ്ടങ്ങളും ചെളിയും ഉത്തർകാശിയിലെ ഗംഗോത്രി ധാമിലേക്കുള്ള പ്രധാന തീർത്ഥാടന പാതയായ ഹൈവേയിലേക്ക് കുതിച്ചെത്തുകയും വീടുകൾ, കടകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ തുടങ്ങി പ്രദേശമാകെ തകരുകയായിരുന്നു. പ്രതികൂല കാലാവസ്ഥയും ദുർഘടമായ ഭൂപ്രദേശവും അവഗണിച്ച് രക്ഷാസംഘങ്ങൾ ഇതുവരെ 70 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തുടർച്ചയായ മഴ കാരണം രക്ഷാപ്രവർത്തനം വലിയ തടസ്സങ്ങൾ നേരിടുന്നുണ്ട്. ഗംഗോത്രി തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ ധരാലിയിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി താമസക്കാർ കെട്ടിടവശിഷ്ടങ്ങൾക്കും ചെളിക്കും അടിയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 8,600 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയായ ധരാലിയിലെ വീടുകളും റെസ്‌റ്റോറന്റുകളുമുള്‍പ്പെടെ കെട്ടിടങ്ങള്‍ ഒന്നാകെയാണ് തകര്‍ന്നടിഞ്ഞൊഴുകിയത്. അവശിഷ്ടങ്ങള്‍ക്കൊപ്പം ഒലിച്ചുപോയ മനുഷ്യരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികൾ വിലയിരുത്തുകയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി സംസാരിച്ചതായി അറിയിക്കുകയും ചെയ്തു. “സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, ദുരിതാശ്വാസ-രക്ഷാപ്രവർത്തന സംഘങ്ങൾ സാധ്യമായ എല്ലാ ശ്രമങ്ങളിലും ഏർപ്പെട്ടിരിക്കുകയാണ്. ജനങ്ങൾക്ക് സഹായം നൽകുന്നതിൽ ഒരു വീഴ്ചയും വരുത്തുന്നില്ല,” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
















