കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നിർമാതാവ് സാന്ദ്രാ തോമസ് രംഗത്ത്. കോടാനുകോടി രൂപയുടെ അഴിമതിയാണ് അവിടെ നടക്കുന്നതെന്ന് സാന്ദ്രാ തോമസ് രംഗത്ത് പറഞ്ഞു. മത്സരിച്ചാല്‍ താൻ ജയിക്കുമെന്ന് ഉറപ്പാണെന്നും അവർ പ്രതികരിച്ചു.
ഫെഫ്ക ജനറല്‍ സെക്രട്ടറിയായ ബി. ഉണ്ണികൃഷ്ണനും അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും സംഘടനയില്‍ വലിയ സ്വാധീനമുണ്ടെന്നും തിരഞ്ഞെടുപ്പിനെ ബാഹ്യ ശക്തികള്‍ നിയന്ത്രിക്കുകയാണെന്നും സാന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സാന്ദ്രാ തോമസിൻ്റെ പത്രിക തള്ളിയത്.
കോടാനുകോടി രൂപയുടെ അഴിമതിയാണ് അവിടെ നടക്കുന്നത്. അതിന്റെ പേരില്‍ ഒരു സ്വകാര്യ കമ്പനി തുടങ്ങി അവര്‍ അതിന്റെ സൗകര്യങ്ങള്‍ ആഘോഷിക്കുകയാണ്. ജി സുരേഷ് കുമാറും സിയാദ് കോക്കറുമാണ് ഇവയ്ക്ക് നേതൃത്വം കൊടുക്കുന്നത്. അധികാരത്തിനപ്പുറം പൈസ നഷ്ടപ്പെടും എന്നുള്ള ഭയത്തിലാണ് അവരെന്നെ ഭയക്കുന്നത്. മത്സരിച്ചാല്‍ ഞാന്‍ ജയിക്കുമെന്ന് നൂറു ശതമാനം ഉറപ്പാണ്.- സാന്ദ്ര പറഞ്ഞു.
സിയാദ് കോക്കറും സുരേഷ് കുമാറുമടങ്ങുന്ന പത്ത് പതിനഞ്ചു പേരല്ല മലയാള സിനിമയെന്നും സാന്ദ്ര പറഞ്ഞു. ഏറി പോയാല്‍ നൂറ് വോട്ടാകും അവര്‍ നേടുക, ബാക്കിയെല്ലാരും അവര്‍ക്കെതിരാണ്. വെടക്കാക്കി തനിച്ചാക്കുക എന്ന രീതിയാണ് സംഘടനയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അതിൽ വിജയം കണ്ടില്ലെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട്, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു സാന്ദ്രാതോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്. പത്രിക തള്ളിയതിനെച്ചൊല്ലി വരണാധികാരിയും സാന്ദ്രയും തമ്മില്‍ വാക്കേറ്റം നടന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. പ്രൊഡ്യൂസര്‍മാരുടെ അസോസിയേഷന്‍ ഗുണ്ടകളുടെ ആസ്ഥാനമായി മാറിയെന്നാണ് സാന്ദ്രാതോമസ് ഇതിനോട് പ്രതികരിച്ചത്.
വിഷയത്തിൽ സാന്ദ്രാ തോമസിന് പിന്തുണയുമായി സംവിധായകനും നടനും നിർമാതാവുമായ പ്രകാശ് ബാരെ രംഗത്തെത്തിയിരുന്നു. സാന്ദ്രാ തോമസിനെ മത്സരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാന്ദ്രാ തോമസ് ഒൻപത് സിനിമകൾ നിർമിച്ചിട്ടുണ്ട്. ഓരോന്നിൻ്റെയും സെൻസർ സർട്ടിഫിക്കറ്റിൽ സാന്ദ്രയുടെ പേരുണ്ട്. ഇത് യോഗ്യതാ മാനദണ്ഡത്തിനും എത്രയോ മുകളിലാണ്. സാന്ദ്രയുടെ സ്വന്തം ബാനറിലുള്ള സിനിമകൾ മാത്രം കണക്കാക്കുമെന്ന വരണാധികാരിയുടെ നിലപാട്, അവരുടെ പേരിലുള്ള അംഗീകൃത സെൻസർ ക്രെഡിറ്റുകളെ അവഗണിക്കുന്നതും നിയമപരമായി നിലനിൽക്കാത്തതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
















