അടൂര്‍ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി നൽകി ഡബ്ല്യുസിസി ഉൾപ്പെടെയുള്ള സംഘടനകൾ. സംവിധായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേയും സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഗായികയുമായ പുഷ്പവതി പൊയ്പാടത്തെ അധിക്ഷേപിച്ചതിനുമാണ് പരാതി നൽകിയിരിക്കുന്നത്.
ചലച്ചിത്രമേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി, ദിശ, അന്വേഷി, വിങ്‌സ്, നിസ, പെണ്‍കൂട്ട് എന്നീ സംഘടനകളാണ് സംസ്ഥാന വനിതാ കമ്മിഷനില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പരാതി നല്‍കിയത്. സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ദളിത്-സ്ത്രീ വിരുദ്ധ പ്രസംഗം നടത്തുന്നതിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പുഷ്പവതിക്കെതിരെ അടൂര്‍ നടത്തിയ അധിക്ഷേപമാണ് പുതിയ പരാതിയുടെ അടിസ്ഥാനം. കോണ്‍ക്ലേവില്‍ സംസാരിക്കാന്‍ പുഷ്പവതിക്ക് എന്താണ് യോഗ്യതയെന്നുള്‍പ്പെടെയുള്ള പരാമര്‍ശമാണ് അടൂര്‍ നടത്തിയത്.
നേരത്തേ സിനിമാ കോണ്‍ക്ലേവില്‍ പട്ടികജാതി വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ലെന്ന് പോലീസ് തീരുമാനിച്ചിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. ദളിത് ആക്ടിവിസ്റ്റായ ദിനു വെയിലാണ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ അടൂരിനെതിരെ പരാതി നല്‍കിയത്. എസ്സി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ ദിനു ആവശ്യപ്പെട്ടത്.
പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ കോണ്‍ക്ലേവിന്റെ സമാപന വേദിയില്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞിരുന്നു. പിന്നാലെ അടൂരിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
















