എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ജെയിംസ് കാമറൂണ്‍. അദ്ദേഹത്തിന്റെ ടൈറ്റാനിക്, അവതാര്‍ തുടങ്ങിയവയെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ഹിരോഷിമ അണുബോംബ് ആക്രമണത്തിന്റെ 80ാം വാര്‍ഷികം ആചരിക്കുന്ന ദിനം തന്നെ ‘ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ’ എന്ന പുതിയ ചിത്രവുമായി ജെയിംസ് കാമറൂണ്‍.
ചാള്‍സ് പെല്ലെഗ്രിനോയുടെ ഏറ്റവും പുതിയ പുസ്തകമായ ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ ( Ghosts of Hiroshima) എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കാമറൂണ്‍ പുതിയചിത്രം ഒരുക്കുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ പുറത്തിറങ്ങിയത്. അതേദിവസം തന്നെയാണ് കാമറൂണ്‍ ആ കഥ സിനിമയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
അവതാര്‍ ഫ്രാഞ്ചൈസ് ചിത്രങ്ങളാണ് കഴിഞ്ഞ 15 വര്‍ഷക്കാലമായി കാമറൂണിന്റേതായി പുറത്തിറങ്ങിയത്. വലിയൊരു ഇടവേളയ്ക്ക് ശേഷം കാമറൂണ്‍ ഒരുക്കുന്ന അവതാര്‍ ഇതര ചിത്രമായിരിക്കും ഇത്. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങിയ കഥയാണ് ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ. ഹിരോഷിമ ആണുബോംബ് ആക്രമണത്തിന്റെ 80-ാം വാര്‍ഷികത്തിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയം.
തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും ഇതെന്ന് കാമറൂണ്‍ പറയുന്നു. ആളുകളെ ഭയപ്പെടുത്താനല്ല മറിച്ച് ഹൃദയസ്പര്‍ശിയായ രീതിയില്‍ കഥപറയാനും കാണികളുമായി ഇടപഴകാനും അവരില്‍ സഹാനുഭൂതി നിറയ്ക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് കാമറൂണ്‍ പറഞ്ഞു.
ഹിരോഷിമയിലെ തന്റെ കുടുംബത്തെ കാണാന്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന എഞ്ചിനീയര്‍ സുതോമു യമാഗുചിയുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തമാണ് കഥയുടെ ഇതിവൃത്തമെന്ന് മറ്റൊരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിരോഷിമയിലേയും നാഗസാക്കിയിലേയും അണുബോംബ് ആക്രമണങ്ങള്‍ അതിജീവിച്ച വ്യക്തിയാണ് അദ്ദേഹം. ഈ കഥയോട് നീതി പുലര്‍ത്താനാകുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൈറ്റാനിക്കിന് ശേഷം താന്‍ കണ്ട ഏറ്റവും ശക്തമായ കഥയാണിതെന്നും കാമറൂണ്‍ പറഞ്ഞു.
ടൈറ്റാനിക് മുതല്‍ കാമറൂണ്‍ അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ചാള്‍സ് പെല്ലെഗ്രിനോ. 2010 ല്‍ പെല്ലഗ്രിനോ പുറത്തിറക്കിയ ദി ലാസ്റ്റ് ട്രെയിന്‍ ഫ്രം ഹിരോഷിമ എന്ന പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഗോസ്റ്റ്‌സ് ഓഫ് ഹിരോഷിമ. അണുബോംബ് ആക്രമണങ്ങള്‍ അതിജീവിച്ചവരുടെ അനുഭവ സാക്ഷ്യങ്ങള്‍ ആസ്പദമാക്കിയാണ് ഈ പുസ്തകം ഒരുക്കിയത്.
















