ബെറ്റിങ് ആപ്പുകളുടെ പ്രമോഷൻ പരസ്യങ്ങളില്‍ അഭിനയിച്ച നടന്‍ വിജയ് ദേവരക്കൊണ്ടയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. അദ്ദേഹം ഹൈദരാബാദിലെ ബഷീര്‍ബാഗിൽ അന്വേഷണ ഏജൻസിയുടെ ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരായി.
ബെറ്റിങ് ആപ്പുകളുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിന്റെ ഭാഗമായാണ് പരസ്യങ്ങളില്‍ അഭിനയിച്ച താരങ്ങളേയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഓണ്‍ലൈന്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയില്‍ താരത്തിന് ബന്ധമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയര്‍ന്ന് വന്നതിനാലാണ് വിളിപ്പിച്ചതെന്നും താന്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഗെയിമിങ് ആപ്പിന്റെ പ്രചാരണത്തില്‍ മാത്രമേ പങ്കാളിയായിട്ടുള്ളൂവെന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരായതിന് വിജയ് ദേവകൊണ്ട മാധ്യമങ്ങളോട് പറഞ്ഞു. അത് വാതുവെപ്പിനുള്ള ഒരിടമല്ല എന്നും വിജയ് മാധ്യമങ്ങളോട് പറഞ്ഞു. ‘ബെറ്റിങ് ആപ്പുകളും ഗെയിമിങ് ആപ്പുകളുമായി യാതൊരു ബന്ധവുമില്ല. പല സംസ്ഥാനങ്ങളിലും ഗെയിമിങ് ആപ്പുകള്‍ നിയമപരമായി അംഗീകരിച്ചവയാണ്’അദ്ദേഹം വ്യക്തമാക്കി
ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍, ഗെയിമിങ് കമ്പനിയുമായുള്ള കരാറിന്റെ പകര്‍പ്പ് തുടങ്ങി ആവശ്യമായ എല്ലാസാമ്പത്തിക രേഖകളും ഇ.ഡിക്ക് സമര്‍പ്പിച്ചതായി അദ്ദേഹം പറഞ്ഞു.
വിജയ് ദേവരകൊണ്ടയെക്കൂടാതെ നിരവധി തെലുങ്ക് ചലച്ചിത്ര താരങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമിങിന്റെയും വാതുവെപ്പിന്റെയും പേരില്‍ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വന്നിരുന്നു. റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീതാരങ്ങളേയും ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി വിളിപ്പിച്ചിരുന്നു. ജൂലായ് മുപ്പതിന് ഹൈദരാബാദില്‍ ഇ.ഡിക്ക് മുന്‍പില്‍ ഹാജരായ പ്രകാശ് രാജ് 2016-ല്‍ ഒരു ഗെയിമിങ് ആപ്പില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത് എന്ന് വ്യക്തമാക്കിയിരുന്നു. ധാര്‍മ്മികത കണക്കിലെടുത്ത് പ്രകാശ് രാജ് അതിന് പണം വാങ്ങാതിരിക്കുകയും ഉടമ്പടി റദ്ദാക്കുകയും ചെയ്തു.
















