കൊച്ചി: ശ്വേത മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിക്ക് പിന്നാലെ ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതും തന്റെ പരാതിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പരാതിക്കാരനായ ടി മാര്ട്ടിന് മെനാച്ചേരി.
താന്‍ പരാതി നല്‍കിയത് മാര്‍ച്ച് മൂന്നിനാണെന്നും അന്ന് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും മാര്ട്ടിന് പറഞ്ഞു. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് മനസിലാക്കിയത് കൊണ്ടാണ് കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും പരാതിക്കാരന് പറയുന്നു. പരാതിയില്‍ ഉന്നയിച്ച സിനിമകള്‍ സെന്‍സര്‍ ചെയ്തെത്തിയതല്ലേ എന്നും ഇപ്പോഴെന്താണ് പരാതിയെന്നുമുള്ള ചോദ്യത്തിന്, സെന്‍സര്‍ ചെയ്ത പടങ്ങള്‍ വീണ്ടും സെന്‍സര്‍ ചെയ്യപ്പെടാറുണ്ടെന്നും പരാതികള്‍ വരുമ്പോഴാണ് അവ ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും പരാതിക്കാരന് പറഞ്ഞു.
ശ്വേതാ മേനോന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് പരാതി നല്കാന് പ്രേരണയായതെന്നും മാര്ട്ടിന് പറയുന്നു. പണം കിട്ടിയാല്‍ സെക്ഷ്വലി എക്സ്പ്ലിസിറ്റ് ആയിട്ടുള്ള വീഡിയോകള്‍ വീണ്ടും ചെയ്യുമെന്ന് അഭിമുഖത്തില്‍ ശ്വേത പറയുന്നുണ്ടെന്ന് പരാതിക്കാരന് പറയുന്നു.
ശ്വേതാമേനോനെതിരെ പരാതി ഉയര്‍ന്ന ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കുമെതിരെ കേസെടുക്കുന്നതിന് പകരം നടിയെ മാത്രം ഉന്നംവെക്കുന്നത് എന്താണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പരാതിക്കാരന് നല്‍കിയില്ല. അശ്ലീല സിനിമയില്‍ അഭിനയിച്ച് പണം ഉണ്ടാക്കുന്നത് ഐടി ആക്ട് പ്രകാരം തെറ്റാണെന്നും അതിനെതിരെയാണ് തന്റെ പരാതിയെന്നും മാര്ട്ടിന് ആവര്‍ത്തിച്ചു. അശ്ലീല സിനിമകളില്‍ അഭിനയിച്ച് സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതാണ് ശ്വേതാമെനോനെതിരെ ഉന്നയിക്കപ്പെട്ട പരാതി. സിജെഎം കോടതി മുമ്പാകെയാണ് ഈ പരാതി ആദ്യമെത്തിയത്. കോടതിയാണ് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്.
















