തമിഴ് നടന്‍ സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പതിനഞ്ചാമത് വാര്‍ഷിക ആഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആഘോഷത്തിന്റെ വാര്‍ത്തകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അഗരം ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴിതാ സൂര്യയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരിക്കുകയാണ് കെ കെ ഷൈലജ എംഎല്‍എ. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിലൂടെ ആയിരുന്നു എംഎല്‍എയുടെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം……
‘സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി തമിഴ് സിനിമാ താരം സൂര്യയുടെ നേതൃത്വത്തില്‍ ആരംഭിച്ച അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണ്. സാമ്പത്തിക പരാധീനതകള്‍ കാരണം പഠനം പാതിവഴിയിലുപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒരു വലിയ ശതമാനമാണ് ഇന്ത്യയില്‍.
View this post on Instagram
ഇത്തരക്കാരെ കണ്ടെത്തി വിദ്യാഭ്യാസം നല്‍കുന്നതിനായി 2006 ആരംഭിച്ച അഗരം ഫൗണ്ടേഷനിലൂടെ പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവരില്‍ 51 പേര്‍ ഡോക്ടര്‍മാരാണ് 51 പേരും തമിഴ്നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും ആദ്യമായി ഉന്നത വിദ്യാഭ്യാസം നേടിയവര്‍. ആയിരത്തി എണ്ണൂറോളം പേര്‍ എഞ്ചിനീയര്‍മാരാണ്. 160 സീറ്റില്‍ ആരംഭിച്ച അഗരം ഇന്ന് 6000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യയുടെ വെളിച്ചം പകരുന്നു. വിദ്യാസമ്പന്നരായൊരു തലമുറ പുരോഗമനോന്മുഖമായൊരു സമൂഹത്തിന്റെ അടിത്തറയും സമ്പത്തുമാണ്. സൂര്യയുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും’.
















