നടി നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷീലു എബ്രഹാം. ഇപ്പോഴിതാ സിനിമ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍, സ്ത്രീ ആയതുകൊണ്ട് എവിടെനിന്നെങ്കിലും മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഷീലു എബ്രഹാം.
ഷീലു എബ്രഹാമിന്റെ വാക്കുകള്‍…….
‘സ്ത്രീ ആയാലും പുരുഷനായാലും മാറ്റിനിര്‍ത്തലുകള്‍ എല്ലായിടത്തും ഉണ്ട്. സിനിമ നമുക്ക് വേണമെങ്കില്‍ നമ്മള്‍ ഇറങ്ങിച്ചെല്ലണം. ആരെങ്കിലും ഇങ്ങോട്ട് നിങ്ങളെ സമീപിക്കുന്നുണ്ട് എങ്കില്‍ അവര്‍ക്ക് അതില്‍നിന്ന് എന്തെങ്കിലും ഗുണം ഉണ്ടാകുന്നത് കൊണ്ടായിരിക്കും. അത് പക്ഷേ എന്തെങ്കിലും കുരുക്കാകാനും സാധ്യതയുണ്ട്. അതല്ലാതെ കാര്യങ്ങള്‍ മനസിലാക്കി സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ ആരും നമ്മളെ മാറ്റി നിര്‍ത്തും എന്ന് തോന്നുന്നില്ല. അങ്ങനെ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ എനിക്ക് ഇന്ന് ഇവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.
കുറെയൊക്കെ ഡിപ്ലോമാറ്റിക്കായി പോകേണ്ടതുണ്ട്. സിനിമ മേഖല എപ്പോഴും ഡിപ്ലോമസിയുടെ മേഖലയാണ്. ദേഷ്യം വന്നാലും ചിരിച്ചുകാണിക്കുക, ചീത്ത പറയാന്‍ തോന്നിയാല്‍ മിണ്ടാതിരിക്കുക അങ്ങനെ. സ്‌ക്രീനില്‍ അഭിനയിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ പുറത്ത് അഭിനയിക്കേണ്ടി വരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അങ്ങനെ നില്‍ക്കുന്നവരെ ആരും മാറ്റി നിര്‍ത്തില്ല. മാറ്റി നിര്‍ത്തുന്നത് മുഖത്ത് നോക്കി യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോഴും സത്യം പറയുമ്പോഴുമാണ്.
എനിക്ക് അഭിനയിക്കാന്‍ അറിയല്ല. ഉള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി പറയും. അത് സിനിമയില്‍ നിന്ന് കിട്ടിയ എക്സ്പീരിയന്‍സില്‍ നിന്നാണ്. കാരണം ആരും ആരെയും ഫേവര്‍ ചെയ്യുന്നതായി തോന്നിയിട്ടില്ല. ആരും എന്നെ സഹായിച്ചിട്ടില്ല. ആരുടെയും മുന്നില്‍ താഴ്ന്ന് നില്‍ക്കേണ്ടതായി വന്നിട്ടുമില്ല. വിധേയത്വത്തിന്റെ ആവശ്യവും വന്നിട്ടില്ല. അതുകൊണ്ടുതന്നെ എവിടെയും കയറി ചെല്ലാനും തലയുയര്‍ത്തിപ്പിടിച്ച് സംസാരിക്കാനും എനിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
















