ബിഗ്ബോസ് റിയാലിറ്റി ഷോയുടെ ഏഴാം സീസൺ പുരോഗമിക്കുകയാണ്. ശക്തരായ മത്സരാർഥികൾ ഏറ്റുമുട്ടുന്ന ഹൗസിൽ പലരും അവരുടെ പഴയകാല ഓർമകളും അനുഭവങ്ങളും പങ്കുവെക്കാറുണ്ട്. ജീവിതത്തിൽ നേരിട്ട ക്രൈസിസും നഷ്ടപ്രണയവും എന്നു തുടങ്ങി വ്യാജ കഥകൾ വരെ പറയാറുണ്ട്. കഴിഞ്ഞ സീസണിൽ അനിയൻ മിഥുൻ പങ്കുവെച്ച പ്രണയ കഥ വ്യാജമാണെന്നും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും എല്ലാവർക്കും അറിവുള്ളതാണല്ലോ. ഈ സീസണിലെ ശക്തനായ മത്സരാർഥിയാണ് നടൻ അപ്പാനി ശരത്ത്. ഇപ്പോഴിതാ ഹൗസിൽ കുട്ടികാലത്തെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അച്ഛന്റെ പെട്ടന്നുള്ള മരണം കുടുംബത്തിന്റെ താളം തെറ്റിച്ചെന്നും പത്തൊമ്പതാമത് വയസിൽ വിധവയായ അമ്മ തന്നെ വളർത്താൻ ഒരുപാട് കഷ്ടപ്പെട്ടെന്നുമാണ് താരം പറയുന്നത്.
ശരത്തിന്റെ വാക്കുകളിങ്ങനെ;
എന്റെ ചോറൂണിന് വേണ്ടിയാണ് ക്ഷേത്രത്തിൽ പോയത്. പക്ഷെ ആ ചടങ്ങിന് മുമ്പ് അച്ഛൻ വീണു. അന്ന് എനിക്ക് ചോറ് തരാൻ അച്ഛന് പറ്റിയില്ല. എല്ലാവരും അച്ഛനേയും കൊണ്ട് ആശുപത്രിയിൽ പോയി. അന്ന് അമ്മയ്ക്ക് 19 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. ഞാൻ മാത്രമെ അന്ന് ഉള്ളു. ഒരു വർഷത്തിന് ഇടയിൽ അച്ഛൻ മരിക്കുകയും ചെയ്തു. അച്ഛന്റെ മരണശേഷം ഞാനും അമ്മയും കൂടി തിരികെ അമ്മയുടെ വീട്ടിൽ വന്നു. അവിടെയുള്ളത് ചെറിയൊരു വീടാണ്.
അവരുടെ സ്ട്രഗിൾ സമയത്ത് എനിക്ക് ഒരു അസുഖവും വന്നു. ചിക്കൻപോക്സിന് സമാനമായ മറ്റൊരു അസുഖമാണ്. അതായിരുന്നു ശരീരത്തിൽ മുഴുവൻ. അതുകൊണ്ട് തന്നെ ആരും എന്നെ കൈ മാറിപ്പോലും എടുക്കുമായിരുന്നില്ല. ആ എന്നേയും കൊണ്ട് അമ്മ കുട നന്നാക്കുന്ന കമ്പനിയിൽ ജോലിക്ക് പോകും. എനിക്ക് ആ അസുഖമുള്ളതുകൊണ്ട് ബസ്സിൽ കയറുമ്പോൾ പോലും ആരും എന്റെയും അമ്മയുടേയും അടുത്ത് ഇരിക്കുമായിരുന്നില്ല. അമ്മ പറഞ്ഞുള്ള അറിവാണ് ഇതൊക്കെ. അത്രത്തോളം കഷ്ടപ്പെട്ടാണ് അമ്മ എന്നെ വളർത്തിയെടുത്തത്.
അതിനുശേഷം ഒരു വർഷം കഴിഞ്ഞപ്പോഴാണ് അച്ഛായെന്ന് ഞാൻ ഇപ്പോൾ വിളിക്കുന്ന വ്യക്തി ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നത്. അമ്മയുടെ ജീവിതത്തിലേക്ക് അല്ല. എന്നെ ഇഷ്ടപ്പെട്ട് എന്റെ ജീവിതത്തിലേക്കാണ് അദ്ദേഹം വന്നത്. അതാണ് എന്റെ അച്ഛൻ. അമ്മയും അച്ഛനും പിന്നീട് വിവാഹിതരായി. എന്റെ അച്ഛനെ ഒരു വയസിൽ എനിക്ക് നഷ്ടപ്പെട്ടുവെന്ന തോന്നൽ വരാനുള്ള സാഹചര്യം ഒരിക്കലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അത് എന്റെ ഭാഗ്യമാണെന്നാണ് ഞാൻ കരുതുന്നു.
content highlight: Appani Sarath
















