അര്‍ജുന്‍ അശോകനെ നായകനാക്കി വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ്. ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങിയ ചിത്രം ബോക്‌സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഓരോ ദിവസവും മികച്ച ബുക്കിങ്ങും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ റിലീസ് ചെയ്ത് എട്ട് ദിവസത്തില്‍ സുമതി വളവ് നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. 13.9 കോടിയാണ് ഇത്രയും ദിവസത്തെ കളക്ഷന്‍. പുതിയ റിലീസുകള്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് ഇത്രയും മികച്ചൊരു കളക്ഷന്‍ സുമതി വളവിന് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. റിലീസ് ചെയ്ത് രണ്ടുദിനം കൊണ്ട് അഞ്ച് കോടിയിലധികം കളക്ഷന്‍ ചിത്രം നേടിയിരുന്നു. നാലാം ദിനം ആയപ്പോഴേക്കും അത് 11.15 കോടി ആകുകയും ചെയ്തു.
230 തിയറ്ററുകളിലായിരുന്നു സുമതി വളവ് പ്രദര്‍ശിപ്പിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം മുതലത് 250 തിയറ്ററുകളായി വര്‍ദ്ധിച്ചിട്ടുണ്ട്. അടുത്ത കാലത്തൊരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച സ്‌ക്രീന്‍ കൗണ്ട് കൂടിയാണ് സുമതി വളവിന്റേത്.
ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ്, മുരളി കുന്നുംപുറത്തിന്റെ വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രമാണ് സുമതി വളവ്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
















