താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ പരസ്യ പ്രതികരണത്തിന് വിലക്ക്. വിലക്ക് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് വരണാധികാരികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. അമ്മയിലെ ആഭ്യന്തര വിഷയങ്ങൾ മാധ്യങ്ങൾക്ക് മുന്നിൽ സംസാരിക്കരുതെന്നാണ് നിർദേശം.
തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് അംഗങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 15-നാണ് തിരഞ്ഞെടുപ്പ് നടക്കുക. മത്സരരംഗത്ത് നിന്ന് ജഗദീഷ് പിന്മാറിയതോടെ അമ്മയുടെ പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലാണ്. ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ നിന്ന് നേരത്തെ പിന്മാറിയിരുന്നു.
നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണ് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത്. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കൂ പരമേശ്വരനും തമ്മിലാണ് മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്കും മത്സരം നടക്കും.
മത്സരരംഗത്ത് നിന്ന് അപ്രതീക്ഷിതമായാണ് ബാബു രാജ് പിന്മാറിയത്. കുറ്റാരോപിതർ മത്സരരംഗത്തുനിന്നും മാറി നിൽക്കണമെന്നാണ് താരങ്ങളിൽ ഭൂരിപക്ഷവും നിലപാട് എടുത്തതോടെയാണ് ബാബുരാജ് മത്സരരംഗത്തുനിന്നും മാറിനിൽക്കാൻ തീരുമാനമെടുത്തത്. അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് താൻ എന്നെന്നേക്കുമായി പിന്മാറുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ ബാബുരാജ് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്. പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറർ, 11 എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കേണ്ടത്. 2024 മുതൽ 2027 വരെയുള്ള കാലയളവിലേക്കുള്ള 16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെച്ചത് 2024 സെപ്റ്റംബറിലാണ്. അന്നുമുതൽ അഡ്ഹോക്ക് കമ്മിറ്റിയാണ് അസോസിയേഷൻ നേതൃത്വം നൽകുന്നത്.
















