ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തന്റെ പ്രതികരണം നല്‍കി കഴിഞ്ഞു. ഉക്രെയ്ന്‍ ‘റഷ്യയ്ക്ക് അവരുടെ ഭൂമി വിട്ടുകൊടുക്കില്ല’ എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയുടെ പ്രഖ്യാപനത്തിന് ശേഷമാണ് സെലെന്‍സ്‌കിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്. ഈ പ്രസ്താവന ലോക രാജ്യങ്ങള്‍ വളരെ ആകാംഷയോടെയാണ് നോക്കി കാണുന്നത്.
റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ തങ്ങളുടെ പ്രദേശം ഉപേക്ഷിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് സൂചിപ്പിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രഖ്യാപനം വന്നത്. ഇത് ലോക രാജ്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും വളരെ പ്രധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.
‘മൂന്നര വര്‍ഷമായി യുദ്ധം നടക്കുന്ന പ്രദേശത്തേക്കാണ് നിങ്ങള്‍ നോക്കുന്നത്,’ വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ ട്രംപ് പറഞ്ഞു. ‘ധാരാളം റഷ്യക്കാര്‍ കൊല്ലപ്പെട്ടു, ധാരാളം ഉക്രേനിയക്കാരും കൊല്ലപ്പെട്ടു.’ ‘ഇത് വളരെ ബുദ്ധിമുട്ടാണ്. നമ്മള്‍ എന്തെങ്കിലും തിരികെ എടുക്കും, എന്തെങ്കിലും മാറ്റും. ചില മേഖലകള്‍ ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ക്കായി കൈമാറ്റം ചെയ്യപ്പെടും.’ ഡോണ്‍ബാസ്, കെര്‍സണ്‍, സപോരിഷിയ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ ഉക്രെയ്ന്‍ ഉപേക്ഷിക്കാന്‍ ഇടയാക്കുന്ന ഒരു കരാര്‍ അംഗീകരിക്കാന്‍ യൂറോപ്യന്‍ നേതാക്കളെ പ്രേരിപ്പിക്കാന്‍ വൈറ്റ് ഹൗസ് ശ്രമിക്കുന്നതായി സിബിഎസ് ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ഇതെല്ലാം സെലന്‍സ്‌കിയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്.
സെലെന്‍സ്‌കി മുമ്പ് ഇത്തരം വ്യവസ്ഥകള്‍ നിരസിച്ചിരുന്നു. ‘റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉക്രെയ്ന്‍ പ്രതിഫലം നല്‍കില്ല’ എന്ന് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ‘ഈ യുദ്ധം അവസാനിപ്പിക്കണം, അത് റഷ്യ തന്നെ അവസാനിപ്പിക്കണം. റഷ്യയാണ് ഇത് ആരംഭിച്ചത്, എല്ലാ സമയപരിധികളും അവഗണിച്ച് അത് നീട്ടിക്കൊണ്ടുപോകുകയാണ്, അതാണ് പ്രശ്‌നം, മറ്റൊന്നുമല്ല,’ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത ഒരു ടെക്സ്റ്റ്, വീഡിയോ പ്രസ്താവനയില്‍ സെലെന്‍സ്‌കി പറഞ്ഞു. ‘ഉക്രെയ്ന്‍ ഇല്ലാതെ എടുക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് ഒന്നും നേടാനാവില്ല. ഇവ അപൂര്‍ണ്ണവും പ്രായോഗികമല്ലാത്തതുമായ തീരുമാനങ്ങളാണ്,’ അദ്ദേഹം തുടര്‍ന്നു പറയുന്നു.
















