സീരിയല്‍-സിനിമ എന്നീ മേഖലകളിലൂടെ പ്രശ്‌സ്തയാണ് സീമ ജി നായര്‍. തന്റെ അടുത്ത സുഹൃത്തും നടിയുമായ ശരണ്യ ശശി ക്യാന്‍സറിനോട് പടപൊരുതി പലതവണ ജീവിതത്തിലേക്ക് വന്ന് ഏവര്‍ക്കും പ്രചോദനമായതിന് ശേഷം, അകാലത്തില്‍ വിടപറഞ്ഞ താരമാണ്. ശരണ്യക്ക് എന്നും താങ്ങായിരുന്ന സീമ ജി നായര്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറമായിരുന്നു ഈ വിടവാങ്ങല്‍. ഇപ്പോഴിതാ ശരണ്യയുടെ ഓര്‍മദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ.
സീമ ജി.നായരുടെ കുറിപ്പിന്റെ പൂര്‍ണരൂപം……
”നീ പോയിട്ട് 4 വര്‍ഷം പിന്നിടുന്നു… ഓഗസ്റ്റ് 9..ഈ ദിനം മറക്കാന്‍ കഴിയില്ല. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു നില്‍ക്കുമ്പോളും പ്രതീക്ഷകളായിരുന്നു.. നീ തിരിച്ചു വരുമെന്ന പ്രതീക്ഷ.. ഇന്നലെ ഉറങ്ങാനേ കഴിഞ്ഞില്ല. ഓര്‍മ്മകള്‍ മരിക്കില്ല. പക്ഷെ ചില ഓര്‍മ്മകള്‍ മരണത്തിനു തുല്യം ആണ്. ജനനത്തിനും ജീവിതത്തിനും മരണത്തിനുമിടയില്‍, നീ സന്തോഷമായി ജീവിച്ചിട്ടുണ്ടോ എന്നറിയില്ല. കാരണം ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു നീ ജീവിക്കുകയായിരുന്നു. നിന്റെ സ്വപ്നങ്ങളേക്കാളും മറ്റുള്ളവരുടെ സ്വപ്നത്തിനു നീപ്രാധാന്യം കൊടുത്തു . അതെല്ലാം സഫലീകരിച്ചോ എന്നെനിക്കറിയില്ല. നമ്മളറിയാത്ത ഏതോ ലോകത്തു നീ ഉണ്ടെന്നു വിശ്വസിക്കുന്നു. എത്രയോ ദൂരം നിനക്ക് മുന്നോട്ടു പോകാനുണ്ടായിരുന്നു .. വിധിയില്‍ ജീവിതം തലകീഴായി മറിഞ്ഞു. അവിടെയും നീ മാക്‌സിമം പിടിച്ചു നിന്നു. ഒരുതിരിച്ചു വരവിനായി.. പക്ഷേ…
ഇപ്പോള്‍ ട്രെയിനില്‍ ആണ്. ട്രയിനില്‍ ഇരുന്നാണ് ഈ കുറിപ്പിടുന്നത് . തിരുവനന്തപുരം RCC യുടെ മുന്നില്‍ കുറച്ചു പേര്‍ക്ക് ഭക്ഷണം കൊടുക്കണം.. എത്രയോ നാളുകള്‍ നിനക്കുവേണ്ടി അവിടെ ചുറ്റിപറ്റി നിന്നതാണ് … ഒരു കാര്യം എനിക്കുറപ്പാണ്… എന്റെ കൂടെ നീയുണ്ട്.. അത് പലപ്പോളും എനിക്ക് മനസിലായിട്ടുണ്ട്…. ആരും അല്ലാത്ത ബന്ധം … പക്ഷെ എല്ലാമായി തീര്‍ന്ന ബന്ധം..”.
















