പൊതുവിദ്യാഭ്യാസ രംഗത്ത് ഒരു പദ്ധതിക്ക് കൂടി തുടക്കം കുറിക്കുകയാണ്. വീട്ടിലും സമൂഹത്തിലും കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും ലക്ഷ്യമിട്ടുള്ള ഒരു സമഗ്ര കര്‍മ്മപദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിനാധാരമായത്, കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ നൂറനാട്, ഹിദായത്തുല്‍ ഇസ്ലാം എല്‍.പി. സ്‌കൂളിലെ ഒരു നാലാം ക്ലാസ്സുകാരി നേരിട്ട ദുരനുഭവമാണ്. സ്വന്തം അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തെക്കുറിച്ച് അവള്‍ നോട്ടുപുസ്തകത്തില്‍ കുറിച്ചത് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് ഈ സംഭവം പുറത്തറിയാന്‍ കാരണമായത്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുകയാണ്. ഈ പദ്ധതിയിലൂടെ കുട്ടികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണ്ടെത്താനും അവര്‍ക്ക് ആവശ്യമായ സംരക്ഷണം ഒരുക്കാനും സാധിക്കുമെന്നും പ്രതീക്ഷിക്കുകയാണ്. പദ്ധതിയുടെ പേര് സുരക്ഷാ മിത്രം. ഇത് നടപ്പാക്കുന്നതിനും പ്രയോഗിക തലത്തില്‍ കൊണ്ടു വരാനും വലിയ ശ്രമം ഉണ്ടാകണം. വിദ്യാര്‍ത്ഥികള്‍ മുതല്‍ സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍ എല്ലാവരും സജ്ജരാകണം. അതിനായി പരിപാടികള്‍ രൂപവത്ക്കരിച്ചിരിക്കുകയാണ്.
- ഹെല്‍പ് ബോക്സ്
എല്ലാ സ്‌കൂളുകളിലും കുട്ടികള്‍ക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി രേഖപ്പെടുത്താന്‍ ഒരു ഹെല്‍പ് ബോക്സ് സ്ഥാപിക്കും. ഇത് ഹെഡ്മാസ്റ്ററുടെയോ ഹെഡ്മിസ്ട്രസിന്റെയോ ചുമതലയിലായിരിക്കും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ബോക്സ് തുറന്ന് ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തി തുടര്‍നടപടികള്‍ക്കായി വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം.
- അധ്യാപകരുടെ പങ്ക്
കുട്ടികളുടെ പെരുമാറ്റത്തിലോ പഠനത്തിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ച്, എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് തിരിച്ചറിയാന്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. കുട്ടികളെ നിരീക്ഷിക്കുന്നതിനും അവരുമായി സൗഹൃദപരമായി ഇടപെടുന്നതിനും ഊന്നല്‍ നല്‍കും. ഡയറി എഴുത്ത്, സീറോ ഹവര്‍ പോലുള്ള ആശയങ്ങളിലൂടെ കുട്ടികള്‍ക്ക് അധ്യാപകരുമായി മനസ്സുതുറന്ന് സംസാരിക്കാന്‍ അവസരം നല്‍കും.
- സംയോജിത പ്രവര്‍ത്തനങ്ങള്‍
വനിതാ ശിശുവികസനം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് ഈ പദ്ധതി നടപ്പാക്കും. കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം, കൗണ്‍സിലിംഗ്, പുനരധിവാസം എന്നിവ ഉറപ്പുവരുത്താന്‍ ഈ വകുപ്പുകളുടെ സഹായം തേടും. നിലവിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഹെല്‍പ്ലൈന്‍ 1098 എന്നിവയുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കും.
- പാരന്റിംഗ് ക്ലിനിക്കുകള്‍
പ്രശ്നങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനായി നിലവിലുള്ള പാരന്റിംഗ് ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമാക്കും. ബ്ലോക്ക് തലങ്ങളില്‍ ഇതിനായി സംവിധാനങ്ങളുണ്ട്.
- പുനരധിവാസം
സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്കായി സര്‍ക്കാര്‍ ഹോമുകളും പ്രത്യേക ഹോമുകളുംപ്രവര്‍ത്തിക്കുന്നുണ്ട്. ഈ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. ലഹരിവിമുക്ത പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ മാതൃകയില്‍, കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉടന്‍ പുറത്തിറക്കും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
- അദ്ധ്യാപകരെ പ്രാഥമിക കൗണ്‍സിലര്‍മാരാക്കുന്നതിനായി പരിശീലനം നല്‍കി ശാക്തീകരിക്കുന്നത് സംബന്ധിച്ച്
കുട്ടികളുടെയും യുവാക്കളുടെയും മാനസിക സുസ്ഥിതി മെച്ചപ്പെടുത്തുന്നതിന് വിവിധ തലങ്ങളില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തെ തുടര്‍ന്ന് ദീര്‍ഘകാല, ഹ്രസ്വകാല കര്‍മ്മപദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ മാനസിക, ശാരീരിക, കൗമാരകാല പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, മാനസിക പിന്തുണ നല്‍കുന്നതിനും, മയക്കുമരുന്ന് പോലുളള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയുന്നതിനും അദ്ധ്യാപകര്‍ക്ക്
പരിശീലനം നല്‍കി ഒരു ആരോഗ്യകരമായ യുവജനതയെ വാര്‍ത്തെടുക്കുക എന്നത് ഒരു പ്രധാന ഘടകമാണ്. അദ്ധ്യാപകരെ പ്രാഥമിക കൗണ്‍സിലര്‍മാരാക്കുന്നതിന് കര്‍മ്മപദ്ധതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിപൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് വിഭാഗം, വനിതാ ശിശുവികസന വകുപ്പ് എന്നിവര്‍ പ്രാഥമിക ചര്‍ച്ച നടത്തുകയുണ്ടായി.
- പദ്ധതി നിര്‍വ്വഹണം
·പരിശീലനം 3 ഘട്ടങ്ങളിലായി (സംസ്ഥാനതലം, ജില്ലാതലം, സ്‌കൂള്‍തലം)
നടപ്പിലാക്കും.
· പദ്ധതി നടത്തിപ്പിനും പരിശീലനത്തിനുമായി ആരോഗ്യവകുപ്പിന് കീഴിലുളള സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡവലപ്മെന്റിനെ ചുമതലപ്പെടുത്തും.
· 8 മുതല്‍ 12 ക്ലാസ്സ് വരെയുളള അദ്ധ്യാപകര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കാവുന്നതും രണ്ടാം ഘട്ട പ്രൈമറി അപ്പര്‍പ്രൈമറിതലത്തിലുളള അദ്ധ്യാപകര്‍ക്കും പരിശീലനം നല്‍കും.· സി.ഡി.സി. യുടെ നേതൃത്വത്തില്‍ മൊഡ്യൂളുകളും സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനിങ്ങും നടപ്പിലാക്കാവുന്നതാണ്. സംസ്ഥാനതലത്തില്‍ 200 അദ്ധ്യാപകരെ ചേര്‍ത്ത് മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും.
· ഇതിന് തുടര്‍ച്ചയായി സ്ട്രസ്സ് മാനേജ്മെന്റ്/മൈന്റ്ഫുള്‍നസ് എന്നീ സെഷനുകളും ഉള്‍പ്പെടുത്തും.
1)സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനിംഗ് – എസ്.ആര്‍.ജി. പരിശീലനം
സംസ്ഥാനതലത്തില്‍ തെരഞ്ഞെടുത്ത വനിതാ ശിശുവികസന വിഭാഗം സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സൗഹൃദ കോര്‍ഡിനേറ്റര്‍മാര്‍, വി.എച്ച്.
എസ്.ഇ കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് കോര്‍ഡിനേറ്റര്‍മാര്‍, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍, ഡയറ്റ് ഫാക്കല്‍റ്റിമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട
ഇരുന്നൂറ് പേര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. മൂന്ന് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം ചൈല്‍ഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്നതാണ്. മൂന്ന് ദിവസം മൈന്‍ഡ്ഫുള്‍നെസ്സ് സെഷന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലും നല്‍കും. പരിശീലനം ലഭിച്ച സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടര്‍ന്ന് ജില്ലാതലത്തില്‍ പരിശീലനം നല്‍കുന്നതാണ്.
2) പരിശീലന വിഷയങ്ങള്‍
· ലീഗല്‍ അവയര്‍നെസ്സ് (ചൈല്‍ഡ് അബ്യൂസ്, സബ്സ്റ്റന്‍സസ് അബ്യൂസ് മുതലായവ)
· അഡോളസെന്റ് ഡവലപ്മെന്റ്
· ഡവലപ്മെന്റല്‍ ചലഞ്ചസ്
· ഐഡിന്റിഫിക്കേഷന്‍ ഓഫ് ലേണിംഗ് ഡിസബിലിറ്റി, എ.ഡി.എച്ച്.ഡി., എല്‍.ഡി., സി.ഡി ആന്റ് സ്‌കോളസ്റ്റിക് ഡിസബിലിറ്റീസ്
· കോണ്‍ടാക്റ്റ് ഡിസോര്‍ഡര്‍
· സബ്സ്റ്റന്‍സ് അബ്യൂസ്
· കൗണ്‍സലിംഗ് (ടെക്നിക്ക്, മെത്തോട് എം.ഒ.സി. കൗണ്‍സലിംഗ്, സ്യൂയിസൈഡ് പ്രിവന്‍ഷന്‍)
· ആന്റി റാഗിംഗ് ആക്ഷന്‍ പ്ലാന്‍ ആന്റ് പോസ്‌കോ ആക്ട്
· ഹെല്‍ത്ത് ആന്റ് ന്യൂട്രീഷണല്‍ നീഡ്സ് ഡ്യുറീംഗ് അഡോളസെന്‍സ്
· മൈന്റ്ഫുള്‍നെസ്സ് – സ്ട്രെസ്സ് റിലീഫ്
3) ജില്ലാതല മാസ്റ്റര്‍ ട്രെയിനിംഗ് – ഡി.ആര്‍.ജി.
ജില്ലാതലത്തില്‍ തെരെഞ്ഞെടുത്ത ഡബ്ല്യൂ.സി.ഡി. സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സൗഹൃദ കോര്‍ഡിനേറ്റര്‍മാര്‍, വി.എച്ച്.എസ്.ഇ കരിയര്‍ മാസ്റ്റര്‍മാര്‍, ഹൈസ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ക്ക് സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍മാരുടെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ മൂന്ന് ദിവസം പരിശീലനം നല്‍കുന്നതാണ്.
ഇത് ഏകദേശം 4239 അദ്ധ്യാപകര്‍ ഉള്‍പ്പെടും. ഏകദേശം 91 ബാച്ചുകളിലായി മൂന്ന് ദിവസങ്ങളില്‍ തുടര്‍ച്ചയായി ജില്ലകളില്‍ വച്ച് പരിശീലനം നല്‍കുന്നതാണ്. അതിനോട് അനുബന്ധിച്ച് മൈന്‍ഡ് ഫുള്‍നെസ്സ് സെഷനുകളും നടത്തും.
4) ഫീല്‍ഡ്തല പരിശീലനം
ജില്ലാതലത്തില്‍ പരിശീലനം നേടിയ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ തുടര്‍ന്ന് സ്‌കൂള്‍തലത്തില്‍ മൂന്ന് ശനിയാഴ്ചകളിലായി എല്ലാ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്കും പരിശീലനം നല്‍കുന്നതാണ്. കൗണ്‍സിലിംഗ് സെഷനുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടിയ കൗണ്‍സിലര്‍മാരുടെ സേവനം തന്നെ ഉപയോഗപ്പെടുത്തുന്നതാണ്. എണ്‍പതിനായിരത്തോളം ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി അദ്ധ്യാപകര്‍ക്കാണ് ഫീല്‍ഡ്തല പരിശീലനം നല്‍കേണ്ടത്.
5) പരിശീലന രീതി
17 മണിക്കൂറുകളിലായ് 12 (പന്ത്രണ്ട്) സെഷനുകള്‍ ഉള്‍പ്പെടുന്ന ഓഫ്ലൈന്‍ സെഷനില്‍ കേസ് സ്റ്റഡി, പ്രോബ്ലം സോള്‍വിംഗ്, റെഫറല്‍ സംവിധാനം തുടങ്ങി വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അദ്ധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനും, പരിഹരിക്കുന്നതിനും കൈറ്റിന്റെ സഹായത്തോടെ സംവിധാനം ഒരുക്കുന്നതാണ്. ഡി.എല്‍.എഡ്, ബി.എഡ് കരിക്കുലത്തില്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് ഉള്‍ച്ചേര്‍ക്കുന്നത് സ്‌കൂള്‍ തലത്തില്‍ കൗണ്‍സിലിംഗ് നല്‍കുന്നതിനും, കുട്ടികളുടെ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ഉപകാരപ്രദമാകും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി അദ്ധ്യാപകരുടെ പരിശീലനത്തിന് ശേഷം രണ്ടാം ഘട്ടമായി
പ്രൈമറി , അപ്പര്‍ പ്രൈമറി അദ്ധ്യാപകര്‍ക്ക് നല്‍കാവുന്നതാണ്. ആയതിന് കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള മൊഡ്യൂളുകള്‍ തയ്യാറാക്കി പരിശീലനം നടത്താവുന്നതാണ്.
6) ഷെഡ്യൂള്‍
സംസ്ഥാനതലം – മേല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി 2025 ആഗസ്റ്റ് 11 മുതല്‍ 13 വരെ റസിഡന്‍ഷ്യല്‍ പരശീലനം, മരിയ റാണി കണ്‍വെന്‍ഷന്‍ സെന്റര്‍, ശ്രീകാര്യത്ത് നടത്തുന്നതാണ്. മൈന്‍ഡ്ഫുള്‍നസ് ആന്റ് സ്ട്രസ്സ് മാനേജ്മെന്റ് മാനസിക സമ്മര്‍ദ്ദത്തിനും തോത് നിയന്ത്രിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ദൈനംദിന ജീവിതത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മൈന്‍ഡ്ഫുള്‍നസ്സ് സെഷനുകള്‍ ഉപകാരപ്രദമാകും. പ്രസ്തുത പരിശീലനം 2025 ആഗസ്റ്റ് 21 മുതല്‍ 24 മരിയ റാണി കണ്‍വെന്‍ഷന്‍ സെന്റര്‍, ശ്രീകാര്യത്ത് നടത്തും.
7) ജില്ലാതലം സെപ്റ്റംബര്‍ – ഒക്ടോബര്‍ 2025
8) ഫീല്‍ഡ്തലം നവംബര്‍ – ഡിസംബര്‍ 2025, ഓഗസ്റ്റ് 4
9) നടത്തിപ്പ്/ചുമതല
സംസ്ഥാനതലത്തില്‍ പദ്ധതി നടത്തുന്നതിനും വിലയിരുത്തുന്നതിനും ആയി ഒരു മോണിറ്ററിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ട്.
ചെയര്‍മാന്‍ – പൊതുവിദ്യാഭ്യാസ ഡയറക്ടര്‍
കണ്‍വീനര്‍ -അഡീഷണല്‍ ഡയറക്ടര്‍
(അക്കാദമിക്)
കമ്മിറ്റി അംഗങ്ങള്‍ – ജോയിന്റ് ഡയറക്ടര്‍ (ഹയര്‍ സെക്കന്ററി), ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് സെല്‍ (എച്ച്.എസ്ഇ), സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍, കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെല്‍ (വി.എച്ച്.എസ്ഇ)
ജില്ലാതലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് മേല്‍നോട്ടവും അതാത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (എച്ച്.എസ്.ഇ), അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ (വി.എച്ച്.എസ്.ഇ), ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്കായിരിക്കും. സ്‌കൂള്‍തലത്തില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതലയും മേല്‍നോട്ടവും ബന്ധപ്പെട്ട ഡി.ഇ.ഒ, ബി.പി.സിഎന്നിവര്‍ക്കായിരിക്കും.ഈ കാലഘട്ടത്തിലെ ഏറ്റവും ആവശ്യമായ ഒരു ട്രെയിനിംഗ് പ്രോഗ്രാം വളരെ ശാസ്ത്രീയമായ രീതിയില്‍ നടപ്പിലാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്യുന്നത്.
















