ദുല്‍ഖറിനെ നായകനാക്കി സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാന്ത. ഇപ്പോഴിതാ ചിത്രത്തിലെ ‘പനിമലരേ’ എന്ന മനോഹരഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദുല്‍ഖറും ഭാഗ്യശ്രീ ബോര്‍സെയും ഒന്നിച്ചുള്ള റൊമാന്റിക് ഗാനമാണ് ഇത്. ഝാനു ചന്റര്‍ ആണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനത്തില് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ട്രെന്‍ഡിങായി മാറിയിരുന്നു. സെല്‍വമണി സെല്‍വരാജ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
രണ്ട് വലിയ കലാകാരന്മാര്ക്കിടയില് സംഭവിക്കുന്ന ഒരു വമ്പന്‍ പ്രശ്നത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.
തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന ചിത്രം കൂടിയാണ് ‘കാന്ത’.
















