ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു ഫൺ എന്റർടെയ്നർ ആകും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ഒരു ഇടവേളയ്ക്കു ശേഷം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് നിറഞ്ഞാടുന്ന ഫഹദിനെ ട്രെയിലറിൽ കാണാം. ഒപ്പം ഫാന്റസികൾ നിറഞ്ഞ കാമുകിയായി കല്യാണി പ്രിയദർശനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
ഫഹദ് ഫാസിലിനും കല്യാണി പ്രിയദർശനും പുറമെ, ലാൽ, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ എന്നിവരുടെ പ്രകടനങ്ങളും ട്രെയിലറിന് കൂടുതൽ നിറം നൽകുന്നു. ലാൽ തന്റെ പഴയ ചിത്രമായ ‘വൺ മാൻ ഷോ’യിലെ ഐക്കോണിക് ചിരി അവതരിപ്പിച്ചു പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്നുണ്ട്. രേവതി പിള്ള, അനുരാജ് ഒ.ബി, ശ്രീകാന്ത് വെട്ടിയാർ, ഇടവേള ബാബു, ലക്ഷ്മി ഗോപാലസ്വാമി, ബാബു ആന്റണി, ജോണി ആന്റണി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജിന്റോ ജോർജ് ഛായാഗ്രഹണവും നിധിൻ രാജ് അരോൾ എഡിറ്റിംഗും നിർവഹിക്കുന്നു. സാങ്കേതികപരമായും ചിത്രം മികച്ചൊരു അനുഭവം നൽകുമെന്നാണ് പ്രതീക്ഷ.
ഓണം റിലീസായി ഓഗസ്റ്റ് 29-ന് തിയേറ്ററുകളിലെത്തുന്ന ‘ഓടും കുതിര ചാടും കുതിര’ ഈ വർഷത്തെ ഓണത്തിന് പ്രേക്ഷകർക്ക് ഒരു മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
















