വീട്ടിൽ നമ്മൾ ഏറ്റവും അധികം സമയം ചെലവിടുന്ന സ്ഥലം ഏതെന്ന് ചോദിച്ചാൽ ചിലപ്പോൾ അതിനുത്തരം അടുക്കളയെന്നാകും. നാല് നേരം ഭക്ഷണം ഉണ്ടാക്കണമെങ്കിൽ അത്രയും സമയം അടുക്കളയിൽ തന്നെ നിൽക്കണമല്ലോ? അപ്പോൾ ഏറ്റവും അധികം സമയം നമ്മൾ ചെലവഴിക്കുന്നത് അടുക്കളയിൽ തന്നെയാകും.
അപ്പോൾ അടുക്കളയിലെ വൃത്തി നമ്മുടെ ഫസ്റ്റ് ചോയ്സ് ആണ്. അതിൽ തന്നെ സിങ്ക് വൃത്തിയായി സൂക്ഷിക്കുക എന്നത് ചിലപ്പോൾ വലിയ ടാസ്കാണ്. ഏറ്റവും അധികം അഴുക്കും അണുക്കളും ഒക്കെ ഉണ്ടാകാൻ സാധ്യതയുള്ള ഇടമാണ് കിച്ചൺ സിങ്ക്. വെറുതെ വെള്ളമൊവിച്ച് കഴുകിയത് കൊണ്ട് സിങ്കിലെ അണുക്കളോ അഴുക്കുകളോ പോകണമെന്നില്ല. അടുക്കള സിങ്ക് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ചില മാർഗങ്ങളുണ്ട്.
എങ്കിൽ സിങ്കിൽ പറ്റിപിടിച്ചിരിക്കുന്ന കറയും അണുക്കളുമൊക്കെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം. ഇത് വെള്ളത്തിൽ ചേർത്ത് സിങ്കിൽ തേച്ചുപിടിപ്പിക്കാം.
വിനാഗിരിയുണ്ടെങ്കിൽ അതും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. ബേക്കിംഗ് സോഡയിലേക്ക് അൽപം വിനാഗിരി ഒഴിച്ച ശേഷം സിങ്കിലേക്ക് ഒഴിക്കുക. അതുകഴിഞ്ഞ് നല്ലത് പോലെ ഉരയ്ക്കണം. ഇത്തരത്തിൽ വിനാഗിരിയും ബേക്കിംഗ് സോഡയും തേച്ചുപിടിപ്പിച്ച ശേഷം കുറച്ച് നേരം അങ്ങനെ വയ്ക്കണം. പിന്നീട് അത് കഴുകി കളയാം.
നാരങ്ങയും ബേക്കിംഗ് സോഡയും കൊണ്ടും സിങ്ക് വൃത്തിയാക്കാം. പകുതി മുറിച്ച നാരങ്ങയിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർക്കുക. ശേഷം ഇതുപയോഗിച്ച് സിങ്ക് നല്ലത് പോലെ ഉരച്ച് കഴുക്കുന്നത് കറകളും അണുക്കളും അഴുക്കുകളുമൊക്കെ നീക്കം ചെയ്യാൻ സഹായിക്കും. പാത്രങ്ങൾ വെട്ടിത്തിളങ്ങാനും ഇത് ഉപയോഗിക്കാം.
ഡിഷ് സോപ്പ് ഉപയോഗിച്ചും നല്ലത് പോലെ സിങ്ക് വൃത്തിയാക്കാവുന്നതാണ്. ഒലിവ് ഓയിൽ ഉണ്ടെങ്കിൽ സിങ്ക് വൃത്തിയാക്കാൻ അതും ഉപയോഗിക്കാം. കുറച്ച് ഒലിവ് ഓയിൽ തുണിയിൽ ഒഴിച്ച ശേഷം അതുപയോഗിച്ച് സിങ്ക് നന്നായി കഴുകാം.
















