ശിവകാര്‍ത്തികേയനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ഒരു ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമയുടെ ടൈറ്റില്‍ ഗ്ലിംപ്‌സ് നേരത്തെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ഗ്ലിംപ്‌സിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ടീസര്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 56 സെക്കന്റ് നീളമുള്ള മദ്രാസിയുടെ ടീസറാണ് പുറത്തുവരാന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഈ പുതിയ ടീസര്‍ രജനികാന്ത് സിനിമയായ കൂലിയ്ക്ക് ഒപ്പം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആര്‍ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ അഭിനയിക്കുന്നത്.
#Sivakarthikeyan's #Madharaasi Teaser is ready ✅
Duration – 56 Secs 🎥Expected to release in a few days & going to be played along with #Coolie in theatres 👌🔥 pic.twitter.com/sRVCYncKOd
— AmuthaBharathi (@CinemaWithAB) August 11, 2025
ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സിനിമയ്ക്കായി സംഗീതം നല്‍കുന്നത്. സായ് അഭ്യങ്കാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.
















