തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വിവിധയിടങ്ങളില്‍ നിന്നായി വ്യാജ വെളിച്ചെണ്ണ കണ്ടെത്തി. ഓപ്പറേഷന്‍ ലൈഫ് എന്ന പേരില്‍ വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. വില കുതിച്ച് കയറിയതോടെ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമായിരിക്കുകയാണ്. ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് ജില്ലകളിൽ നിന്നായി 16,565 ലിറ്റർ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ പിടിച്ചെടുത്തു.
കൊല്ലം ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്. 9337 ലിറ്ററാണ് കൊല്ലത്ത് നിന്ന് മാത്രം പിടിച്ചെടുത്തത്. ആലപ്പുഴയില്‍ നിന്ന് 6530 ലിറ്റര്‍ വെളിച്ചെണ്ണയും പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
















