ചുരുങ്ങിയ സമയം കൊണ്ട് പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂലി. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് കൂലി. ഇപ്പോഴിതാ തന്റെ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലോകേഷ്.
ലോകേഷിന്റെ വാക്കുകള്‍…….
‘ഇതുവരെ ഞാന്‍ ചെയ്ത സിനിമകളില്‍ 80 ശതമാനം പുകഴ്ത്തുന്നവരും ബാക്കി 20 ശതമാനം വിമര്‍ശിച്ച് സംസാരിക്കുന്നവരുമുണ്ട്. അത് അങ്ങനെയാണെന്നാണ് എന്റെ വിശ്വാസം. നാളെ ഞാന്‍ ചെയ്യുന്ന ഒരു സിനിമ മോശമായാല്‍ അത് കാരണം എന്നെ വിമര്‍ശിച്ച് ഒരുപാട് പേര്‍ വരുമെന്ന് ഉറപ്പാണ്. എത്രയോ പേരുടെ കാര്യത്തില്‍ അങ്ങനെ കണ്ടിട്ടുണ്ട്.
സിനിമയുടെ പരാജയമായാലും വിജയമായാലും അത് എന്റെ മേല്‍ വന്നാല്‍ മതിയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമയുടെ കഥകളോ അതിന്റെ പിന്നാമ്പുറങ്ങളോ എന്റെ കുടുംബത്തിനറിയില്ല. ഒരു സിനിമ മോശമായിക്കഴിഞ്ഞാല്‍ വീട്ടുകാരെ മെന്‍ഷന്‍ ചെയ്ത് ഓരോന്ന് ആളുകള്‍ പറഞ്ഞുണ്ടാക്കും. അത് എനിക്ക് അംഗീകരിക്കാനാകില്ല’.
അതേസമയം, മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആഗോള തലത്തില്‍ പ്രീ സെയിലില്‍ നിന്ന് 80 കോടിയാണ് സിനിമയുടെ നേട്ടം. കൂലിയുടെ ആദ്യ പ്രദര്‍ശനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.01 ന് ആരംഭിക്കും. കേരളത്തില്‍ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്‌സ് ആണ് സിനിമ കേരളത്തില്‍ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.
















