യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മനസുതുറന്ന് നടി സുസ്മിത സെൻ. 2010-12 മിസ് യൂണിവേഴ്സ് കാലത്ത് ട്രംപിനൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്ന് സുസ്മിത സെൻ പറഞ്ഞു. ആര്യ എന്ന പരമ്പരയുടെ പ്രമോഷൻ പരിപാടിയിലാണ് അവർ ഓർമ്മകൾ പങ്കുവെച്ചത്.
മിസ് ഇന്ത്യ യൂണിവേഴ്സിന്റെ ഫ്രൈഞ്ചൈസി ഉടമയായി പ്രവർത്തിക്കുന്ന സമയത്തായിരുന്നു ട്രംപിനൊപ്പം ജോലി ചെയ്യേണ്ടി വന്നതെന്നും സുസ്മിത പറഞ്ഞു. നിരവധി പരസ്യങ്ങളിൽ സുസ്മിത സെൻ അഭിനയിച്ചിരുന്ന കാലമായിരുന്നു അത്. ആ സമയത്താണ് ആഗ്രഹിച്ചിരുന്ന ഒരു അവസരം സുസ്മിതയെ തേടിയെത്തിത്. ‘മിസ് യൂണിവേഴ്സ് സംഘടന എന്നെ വിളിച്ച് ഫ്രൈഞ്ചൈസി ഏറ്റെടുക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. ഇത് സത്യമാണോ എന്നാണ് ഞാൻ ഇക്കാര്യം കേട്ടപ്പോൾ അവരോട് തിരിച്ചു ചോദിച്ചത്. കാരണം അത് എന്റെ ഒരു സ്വപ്നമായിരുന്നു. ആ കരാറിൽ ഒപ്പു വച്ചു. അതിനു ശേഷമാണ് കരാർ ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അറിഞ്ഞത്. ആ കാലം അത്ര എളുപ്പമുള്ളതോ രസകരമോ ആയിരുന്നില്ല’– സുസ്മിത പറഞ്ഞു.ഭാഗ്യവശാൽ ഡോണൾഡ് ട്രംപ് തന്റെ മേലധികാരിയായിരുന്നില്ലെന്നും സുസ്മിത സെൻ വ്യക്തമാക്കി. ‘പാരാമൗണ്ട് കമ്മ്യൂണിക്കേഷൻസ്, മാഡിസൺ സ്ക്വയർ ഗാർഡൻ എന്നീ സ്ഥാപനങ്ങൾക്കായിരുന്നു ഞാൻ ജോലിചെയ്തിരുന്ന ഒരു വർഷക്കാലം മിസ് യൂണിവേഴ്സിന്റെ ചുമതല. ഞാൻ ഡോണൾഡ് ട്രംപിന്റെ ഫ്രാഞ്ചൈസി ഉടമ മാത്രമായിരുന്നു.’– സുസ്മിത സെൻ പറഞ്ഞു.
ജോലിയുടെ ഭാഗമായി പലപ്പോഴും ഡോണൾഡ് ട്രംപിനെ സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്റെ ബോസാണെന്നു തോന്നിയിട്ടില്ലെന്നും സുസ്മിത അറിയിച്ചു. എന്നാൽ അദ്ദേഹത്തെ സന്ദർശിച്ചതിന്റെ കൂടുതൽ വിശദാംശങ്ങൾ പങ്കുവയ്ക്കാൻ സുസ്മിത തയാറായില്ല. ‘ചില മനുഷ്യര്‍ക്ക് നമ്മളിൽ സ്വാധീനം ചെലുത്താൻ സാധിക്കും. അധികാരമോ പണമോ കൊണ്ടായിരിക്കില്ല അത്. അവരുടെ രീതികൾ കൊണ്ടായിരിക്കും. എന്നാൽ ട്രംപ് അക്കൂട്ടത്തിൽപ്പെടുന്ന ആളല്ല.’– സുസ്മിത സെൻ കൂട്ടിച്ചേർത്തു
















