സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ രജനിക്ക് ആശംസകളുമായി മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും മോഹൻലാലും. രജനിക്കും അദ്ദേഹത്തിന്റെ കൂലി സിനിമയ്ക്കും മമ്മൂട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ചു. രജനിക്കൊപ്പം സ്ക്രീൻ പങ്കിടാൻ സാധിച്ചത് ബഹുമതിയാണെന്ന് മമ്മൂട്ടി പറഞ്ഞു. പകരം വെയ്ക്കാനാകാത്ത വ്യക്തിപ്രഭാവം എന്നാണ് മോഹൻലാൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
“സിനിമയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കിയ പ്രിയ രജനീകാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. താങ്കളോടൊപ്പം സ്ക്രീൻ പങ്കിടാൻ കഴിഞ്ഞത് യഥാർഥത്തിൽ ഒരു ബഹുമതിയായിരുന്നു. ‘കൂലി’ എന്ന ചിത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നും പ്രചോദിപ്പിച്ചുകൊണ്ടും ശോഭിച്ചുകൊണ്ടും ഇരിക്കുക.” മമ്മൂട്ടിയുടെ വാക്കുകൾ.”സ്ക്രീനിൽ അമ്പതുവർഷത്തെ വ്യക്തിപ്രഭാവവും സമർപ്പണവും മാജിക്കും. ഒരേയൊരു രജനീകാന്ത് സാറിന് അഭിനന്ദനങ്ങൾ. കൂലിയും മറ്റ് നിരവധി ഐതിഹാസിക നിമിഷങ്ങളും വരാനിരിക്കുന്നു.” മോഹൻലാൽ പറഞ്ഞു.
വ്യാഴാഴ്ചയാണ് ലോകേഷ് കനകരാജ് സംവിധാനംചെയ്യുന്ന കൂലി റിലീസ് ചെയ്യുന്നത്. നാഗാർജുന, സത്യരാജ്, ആമിർ ഖാൻ, ഉപേന്ദ്ര, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ നാലാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിംഗ് ഫിലോമിൻ രാജുമാണ് നിർവഹിക്കുന്നത്.
















