തിരുവനന്തപുരം: തൃശ്ശൂരിലെ വോട്ട് കൊള്ളയിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ് സുനിൽകുമാർ. തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് തെളിവുകളോട് കൂടി ആരോപണങ്ങൾ ഉന്നയിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകിയതിന് പിന്നാലെയാണ് ഇന്ന് വാർത്താസമ്മേളനത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകൾ സംശയകരമായിരുന്നെന്നും കമ്മീഷൻ അറിഞ്ഞാണോ ഇതെല്ലാം ചെയ്തതെന്നും സംശയമുണ്ടെന്ന് സുനിൽ കുമാർ പറഞ്ഞു.
വോട്ട് കൊള്ളയിൽ എല്ലാ നിയമനടപടികളും സ്വീകരിക്കും. സുരേഷ് ഗോപിയുടെ ഡ്രൈവറുടെ വോട്ട് ചേർത്തത് ഗുരുതരമായ നിയമലംഘനം. ഇതിന് കൂട്ടുനിന്ന ഫ്‌ളാറ്റ് ഉടമയെ അടക്കം പൊലീസ് ചോദ്യം ചെയ്യണം’. വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
വോട്ട് ക്രമക്കേടിൽ ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തെളിവുകളാണ് പുറത്തുവരാൻ സാധ്യതയുള്ളത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഓരോ ബൂത്തിലും ക്രമക്കേടിലൂടെ ചേർത്ത വോട്ടുകളുടെ എണ്ണം കണക്കാക്കാനുള്ള പരിശോധന കോൺഗ്രസും ആരംഭിച്ചിട്ടുണ്ട്. തൃശ്ശൂർ ഡിസിസിയുടെ നേതൃത്വത്തിൽ പട്ടികയുടെ പരിശോധന തുടരുകയാണ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി മൗനം തുടരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് സംസ്ഥാനതലത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിക്കും.
















