ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്തിനെ നായകനാക്കി ഇന്ന് പുറത്തിറങ്ങിയ സിനിമയാണ് കൂലി. ഇപ്പോഴിതാ ‘കൂലി’യുടെ ആദ്യ പ്രദര്‍ശനം കണ്ട ശേഷം നടന്‍ ഗോവിന്ദ് പദ്മസൂര്യ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. ഇതൊരു ലോകേഷ് സ്‌റ്റൈല്‍ ഓഫ് മേക്കിംഗ് ആണ്. ‘ജയിലര്‍’ പോലുള്ള സിനിമകളില്‍ നിന്ന് ഇത് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഗോവിന്ദ് പദ്മസൂര്യയുടെ വാക്കുകള്‍……
‘ഇതൊരു ലോകേഷ് സ്‌റ്റൈല്‍ ഓഫ് മേക്കിംഗ് ആണ്. ‘ജയിലര്‍’ പോലുള്ള സിനിമകളില്‍ നിന്ന് ഇത് വ്യത്യസ്തം. ചിത്രത്തിന്റെ രണ്ടാം പകുതി വളരെ മികച്ചതാണ്. പ്രത്യേകിച്ച് ക്ലൈമാക്‌സിലെ രംഗങ്ങള്‍. സിനിമയുടെ ട്രെയിലറില്‍ കഥാപാത്രങ്ങളെ പൂര്‍ണമായി കാണിക്കാത്തത് നന്നായി. ഇത് പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചു. രജനികാന്തും ആമിര്‍ ഖാനും പോലുള്ള വലിയ താരങ്ങള്‍ ഒന്നിച്ച് ഒരു ഫ്രെയിമില്‍ എത്തുന്നത് ഇത്തരം സിനിമകളില്‍ മാത്രമേ സാധിക്കൂ.
ഇത്രയും വലിയ താരനിരയുള്ള ഒരു സിനിമയെക്കുറിച്ച് ആളുകളുടെ പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സിനിമയുടെ പാറ്റേണിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞതോടെ പിന്നെ കൂലിയുടെ ട്രാക്കിലായി. വെസ്റ്റേണ്‍ സ്‌റ്റൈലില്‍ പക്കാ ലോകേഷ് പടമാണ്. രജനികാന്തിന്റെ സ്റ്റാര്‍ഡവും ലോകേഷ് സ്റ്റൈലും ഒരുപോലെ ചേര്‍ന്നിരിക്കുന്നു. മിതത്വമുള്ള ഫസ്റ്റ് ഹാഫാണ്. ആവേശകരമായ മുഹൂര്‍ത്തങ്ങള്‍ വരുന്നത് സെക്കന്റ് ഹാഫിലാണ്. എങ്കിലും ജയിലര്‍ പോലെ കോരിത്തരിപ്പിക്കുന്ന പടമല്ല. വേറെ പാറ്റേണാണ്’ .
രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്.
















