‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസെന്ന പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ സിനിമയിൽ സംഗീതമൊരുക്കുന്ന ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥിന്‍റെ സിനിമകൾ ചേർത്തുവെച്ചൊരു വീഡിയോ കഴിഞ്ഞ ദിവസം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് പുറത്തുവിട്ടിരുന്നു. വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്‍റടിച്ചുകൊണ്ടെത്തിയ ഒരാൾക്ക് തക്ക മറുപടി നൽകിയിരിക്കുകയാണ് ഇപ്പോള്‍ പെപ്പെ.
വീഡിയോയ്ക്ക് താഴെ വന്ന നെഗറ്റീവ് കമന്‍റ് ‘എന്തുണ്ടായിട്ടും എന്താ കാര്യം പെപ്പെയെല്ലെ നായകൻ’ എന്നായിരുന്നു. ”അളിയാ…എന്താ അങ്ങനൊരു ടോക്ക്, തുടങ്ങിയതല്ലേ ഉള്ളു….. എല്ലാം സെറ്റാവും” എന്നാണ് കമന്‍റിന് പെപ്പെ നൽകിയ ഉശിരൻ മറുപടി. പെപ്പെയ്ക്ക് പിന്തുണയുമായി നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. ‘നിങ്ങടെ ഇടി ഉണ്ടേൽ നുമ്മ കാണാൻ കേറും’ എന്നാണ് ഒരു ആരാധകൻ പെപ്പെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് ഇട്ടിരിക്കുന്ന കമന്‍റ്.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദിൽജിത്ത്.
















