പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന രജനികാന്ത് ചിത്രം കൂലി കാണാന്‍ തമിഴ് സിനിമയിലെ പ്രമുഖ നടന്‍മാര്‍ തിയേറ്ററില്‍ എത്തി. ധനുഷ്, ശിവകാര്‍ത്തികേയന്‍, സൗബിന്‍ ഷാഹിര്‍, ലോകേഷ് കനകരാജ്, അനിരുദ്ധ് എന്നിവര്‍ അടക്കം വന്‍ താരനിരയാണ് തിയേറ്ററില്‍ എത്തിയത്. കൂടാതെ രജനികാന്തിന്റെ ഭാര്യയും മകള്‍ ഐശ്വര്യയും ആദ്യ ഷോയ്ക്ക് തന്നെ എത്തിയിരുന്നു.
ചെന്നൈ രോഹിണി തിയേറ്ററിലാണ് കൂലിയുടെ അണിയറപ്രവര്‍ത്തകരും മറ്റ് താരങ്ങളും എത്തിയത്. രജനികാന്തിന്റെ സിനിമകള്‍ക്ക് വമ്പന്‍ വരവേല്‍പ് നല്‍കുന്ന ചെന്നൈയിലെ പ്രശസ്ത തിയേറ്റര്‍ ആണ് രോഹിണി. ധനുഷ് എത്തിയത് മക്കളുടെ കൂടെ ആയിരുന്നു. കടുത്ത രജനി ആരാധകനായതിനാല്‍ ഒരു സിനിമ പോലും തിയേറ്ററില്‍ മിസ്സ് ചെയ്യാറില്ലാത്ത നടനാണ് ധനുഷ്.
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായി എത്തിയ കൂലി റിലീസായിരിക്കുകയാണ്. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. സൗബിന്‍, ഉപേന്ദ്ര, നാഗാര്‍ജുന, ആമിര്‍ ഖാന്‍, ശ്രുതി ഹാസന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിര്‍മിച്ചിരിക്കുന്നത്.
















