ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. കിഷ്ത്വാര്‍ ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരത്തം പെയ്തിറങ്ങിയത്. ദുരന്തത്തില്‍ 38 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. മരണം നാല്‍പത് പിന്നിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മച്ചൈല്‍ മാതാ തീര്‍ത്ഥയയാത്രയുടെ പാതയിലാണ് അപകടം എന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മേഘവിസ്‌ഫോടനം ഉണ്ടായപ്പോള്‍ ദുരന്തം നടന്ന സ്ഥലത്ത് 250 ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീര്‍ത്ഥാടകരുടെ കനത്ത തിരക്കും നിര്‍ത്താതെയുള്ള മഴയും സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയും ചെയ്തു.
ദുരിതബാധിത മേഖലയില്‍ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരന്തത്തില്‍ അനുശോചിച്ച് കൊണ്ടുള്ള സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ‘ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനവും വെള്ളപ്പൊക്കവും വിതച്ച ദുരിതം ബാധിക്കപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.’ എന്നായിരുന്നും പ്രധാനമന്ത്രിയുടെ പ്രതികരണം.
ദുരന്തമേഖലയില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് കിഷ്ത്വാര്‍ ഡിഡിസി ചെയര്‍പേഴ്സണ്‍ പൂജ താക്കൂര്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുക, പരിക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കുക എന്നിവയ്ക്കാണ് ഇപ്പോള്‍ മുന്‍ഗണന. ഇതുവരെ 150 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിലയിരുത്തല്‍ എന്നും അധികൃകര്‍ അറിയിച്ചു. സൈന്യം ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പൊലീസ്, സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയും രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തുന്നുണ്ട്. റോഡുകള്‍ ഒലിച്ചുപോയതും തുടര്‍ച്ചയായ മഴയും രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. നിരവധി പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ടെന്നും അധികൃതര്‍ പറഞ്ഞു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ടീമുകള്‍, രക്ഷാ ഉപകരണങ്ങള്‍ എന്നിവയും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്.
STORY HIGHLIGHT : massive-cloudburst-in-the-chashoti-area-of-kishtwar-jammu-and-kashmir
















