യാഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍ പെടുന്ന ആറാമത്തെ ചിത്രമാണ് വാര്‍ 2. ഇന്നലെ ആണ് ചിത്രം റിലീസ് ചെയ്തത്. ഹൃത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംവിധാനം അയന്‍ മുഖര്‍ജിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഇന്ത്യയില്‍ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം നേടിയത് 35 കോടി ഗ്രോസ് ആണ്. നെറ്റ് കളക്ഷന്‍ 29 കോടിയും. മറുഭാഷാ പതിപ്പുകളും ചേര്‍ത്ത് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത് 65 കോടിയാണെന്ന് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ സ്‌പൈ യൂണിവേഴ്‌സിലെ മുന്‍ ചിത്രങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് നിര്‍മ്മാതാക്കളെ നിരാശപ്പെടുത്തുന്ന ബോക്‌സ് ഓഫീസ് കണക്കുകളാണ്. ഏക് ഥാ ടൈഗറിന് പോലും ഹിന്ദി പതിപ്പിന് 33 കോടി നെറ്റ് കളക്ഷന്‍ ഉണ്ടായിരുന്നു.
വൈആര്‍എഫ് സ്‌പൈ യൂണിവേഴ്‌സിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം വാര്‍ 2 ആണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇത് പ്രകാരം ടൈഗര്‍ 3 (350 കോടി), പഠാന്‍ (325 കോടി) എന്നിവയേക്കാളൊക്കെ മുകളിലാണ് വാര്‍ 2 ന്റെ ബജറ്റ്. ശ്രീധര്‍ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അബ്ബാസ് ടയര്‍വാലയുടേതാണ് സംഭാഷണം. നിര്‍മ്മാതാവ് ആദിത്യ ചോപ്രയുടേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ബെഞ്ചമിന്‍ ജാസ്പര്‍ ആണ് ഛായാഗ്രാഹകന്‍. ആരിഫ് ഷെയ്ഖ് എഡിറ്റിംഗ്. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് പ്രീതം. സഞ്ചിത് ബല്‍ഹാരയും അങ്കിത് ബല്‍ഹാരയും ചേര്‍ന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
















