ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരുമെന്ന് സാന്ദ്ര തോമസ്. പരാജയപ്പെട്ടെങ്കിലും തനിക്ക് മികച്ച വോട്ടുകള്‍ നേടാന്‍ കഴിഞ്ഞുവെന്നും, വിരുദ്ധ ചേരിക്ക് വിജയമൊരുക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് പാനല്‍ വോട്ടുകളാണെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസിന്റെ വാക്കുകള്‍….
‘പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലെ പരാജയം വിജയത്തോളം പോന്നതാണ്. മികച്ച വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ബാനറുകളുടെ എണ്ണം കൂടിയത് കൊണ്ട് ഒരു നിര്‍മ്മാതാവിന് 5 – 6 വോട്ടുകള്‍ വരെ ചെയ്യാന്‍ കഴിഞ്ഞു, എന്നാല്‍ എനിക്ക് ലഭിച്ച വോട്ടുകളെല്ലാം വ്യക്തിഗത വോട്ടുകളായിരുന്നു. പരാജയപ്പെട്ടെങ്കിലും തന്റെ പോരാട്ടം തുടരും.
‘അമ്മ’ സംഘടനയുടെ പ്രധാന സ്ഥാനങ്ങളിലേക്ക് സ്ത്രീകള്‍ വരണമെന്നാണ് ആഗ്രഹം, എന്നാല്‍ പുരുഷന്മാരുടെ ശബ്ദമാവാന്‍ വേണ്ടിയാവരുത് അവരുടെ വിജയം. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായ ഷേര്‍ഗ സന്ദീപ് അത്തരത്തിലുള്ള ഒരാളാണ്’.
സാന്ദ്ര തോമസ് തുടങ്ങിവെച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളും അനിശ്ചിതാവസ്ഥയും മറ്റും നിറഞ്ഞതായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തീരുമാനിച്ചെങ്കിലും നാമനിര്‍ദ്ദേശ പത്രിക ഭാരവാഹികള്‍ തള്ളുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു. അതുകൊണ്ട് തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സാന്ദ്ര മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
















