സിമ്പും തൃഷയും നായികാ നായകന്മാരായെത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തമിഴ് റൊമാന്റിക് ഡ്രാമ ആണ് ‘വിണ്ണൈത്താണ്ടി വരുവായ’. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന് ഇന്നും പ്രേക്ഷക പ്രീതി ഏറെയാണ്. 2010ൽ റിലീസ് ചെയ്ത സിനിമ ഇപ്പോൾ റീ റിലീസ് ചെയ്തപ്പോൾ മറ്റൊരു റെക്കോർഡ് ആണ് സൃഷ്ടിച്ചത്.
വർഷങ്ങൾക്ക് മുൻപ് ചിത്രം ചെന്നൈയിലെ ഒരു തിയേറ്ററിൽ റീ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം റീ റിലീസിൽ ഇടവേളകളില്ലാതെ 1300 ദിവസം പൂർത്തിയാക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്. അണ്ണാ നഗറിലെ പിവിആർ സിനിമാസിലാണ് നിറഞ്ഞ സദസിൽ സിനിമ ഇപ്പോഴും പ്രദർശനം തുടരുന്നത്. ചിത്രം കാണാനായി നിരവധി സിനിമാപ്രേമികളാണ് ഇപ്പോഴും എത്തുന്നത്. ചിത്രം തിയേറ്ററിൽ 1500 ദിവസം പൂർത്തിയാക്കുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മലയാളികൾക്കിടയിലും ചിത്രത്തിന് നിരവധി ആരാധകരുണ്ട്.
തൃഷ അവതരിപ്പിച്ച ജെസ്സി എന്ന കഥാപത്രം മലയാളി ആയതിനാൽ കേരളത്തിൽ ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. നടിയുടെ കരിയറിലെ ഐകോണിക് കഥാപാത്രങ്ങളിൽ ഒന്നായിട്ടാണ് ജെസിയെ കണക്കാക്കുന്നത്. എ ആർ റഹ്‌മാൻ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ ഇന്നും വലിയ ഹിറ്റാണ്. ആദ്യ റിലീസ് ചെയ്ത സമയത്ത് കേരളത്തിലുൾപ്പെടെ സിനിമ 100 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. വിടിവി ഗണേഷ്, ബാബു ആന്റണി, ഉമ പത്മനാഭൻ, സാമന്ത, സുബ്ബലക്ഷ്മി, കെ എസ് രവികുമാർ തുടങ്ങിയവരും സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.എൽറെഡ് കുമാർ, പി മദൻ, ജെ ഗണേഷ്, ജയരാമൻ തുടങ്ങിയവരാണ് സിനിമ നിർമിച്ചത്. ഛായാഗ്രഹണം മനോജ് പരമഹംസ നിർവഹിച്ചപ്പോൾ എഡിറ്റ് ആന്റണി കൈകാര്യം ചെയ്തു.
















