പ്രശസ്ത ഹോളിവുഡ് സംവിധായകനും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ അലജാന്‍ഡ്രോ ഇനാരിറ്റുവിന്റെ ചിത്രത്തിലേക്ക് വിളിച്ചിരുന്നുവെന്ന് ഫഹദ് ഫാസിൽ. ദ റെവനന്റ്, ബേര്‍ഡ്മാന്‍ തുടങ്ങി ലോകപ്രശസ്ത സിനിമകളുടെ സംവിധായകനാണ് അലജാന്‍ഡ്രോ ഇനാരിറ്റു. ‘ഓടും കുതിര ചാടും കുതിര’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു താരം വെളിപ്പെടുത്തിയത്.
മലയാളസിനിമയിലാണ് തന്റെ ജീവിതത്തിലെ എല്ലാ മാജിക്കും സംഭവിച്ചതെന്നും പുതിയ എന്തെങ്കിലും നേടിയെടുക്കാനായി കേരളത്തിന് പുറത്തേക്ക് പോകണമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും ഫഹദ് ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
‘വീഡിയോകോളില്‍ ഇനാരിറ്റുവുമായി സംസാരിച്ചു. അദ്ദേഹത്തിന് എന്റെ സംസാരത്തിലെ ആക്‌സെന്‍റായിരുന്നു പറ്റാതിരുന്നത്. അത് ശരിയാക്കാന്‍ അമേരിക്കയില്‍ നാല് മാസത്തോളം താമസിക്കണം എന്ന് പറഞ്ഞു. ആ സമയത്ത് പേയ്‌മെന്റും ഉണ്ടാകില്ല. അതുകൊണ്ടാണ് ഞാന്‍ ആ അവസരം ഉപേക്ഷിച്ചത്.
അല്ലെങ്കില്‍ ഞാന്‍ ഓടിയേനെ. ആക്‌സെന്റിന് വേണ്ടി മാത്രം അത്രയും പോയി മെനക്കെടാന്‍ മാത്രമുള്ള ഫയര്‍ എനിക്ക് തോന്നിയില്ല. സിനിമകള്‍ മാറിയ സ്പീഡില്‍ ഞാന്‍ മാറിയിട്ടുണ്ടോ എന്നറിയില്ല. എനിക്ക് പുതുമ തോന്നുന്ന സിനിമകള്‍ ചെയ്യുക എന്ന് മാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളൂ. മുന്‍പ് കേള്‍ക്കാത്ത കഥയാണല്ലോ എന്ന് മാത്രമേ എനിക്ക് ജഡ്ജ് ചെയ്യാന്‍ കഴിയാറുള്ളു.
കഥയില്‍ എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ, ഈ കഥ സിനിമയായി വന്നാല്‍ വാലിഡ് ആയിരിക്കുമോ എന്നേ ആലോചിക്കാറുള്ളു.എന്റെ ലൈഫില്‍ എല്ലാ മാജിക്കും ഉണ്ടായിരിക്കുന്നത് ഇവിടെയാണ്. ഇനി എന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുകയാണെങ്കില്‍ അതും ഇവിടെ വെച്ച് തന്നെ സംഭവിക്കണം എന്നാണ് എന്റെ ആഗ്രഹം.
അല്ലാതെ ആ മാറ്റത്തിനോ മാജിക്കിനോ ആയി കേരളത്തിന് പുറത്തേക്ക് പോകണം എന്ന് എനിക്കില്ല,’ ഫഹദ് ഫാസില്‍ പറഞ്ഞു.ഫഹദിന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് ലഭിച്ച അവസരം ഒഴിവാക്കേണ്ടതില്ലായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.ലോകോത്തര സിനിമകള്‍ മലയാളത്തിലും സംഭവിക്കുന്നുണ്ടെന്നും താന്‍ ഏത് സിനിമയുടെ ഭാഗമാകണമെന്ന് തീരുമാനിക്കേണ്ടത് കലാകാരനാണ് എന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. ഫഹദിന്റെ തീരുമാനത്തിനും കാഴ്ചപ്പാടുകള്‍ക്കും കയ്യടിക്കുന്നവരും ഏറെയാണ്.
















