വേനൽക്കാല മഹോത്സവമായ ഷാർജ സമ്മർ പ്രമോഷൻസിന്റെ ഭാഗമായി എക്സ്‌പോ സെന്റർ ഷാർജയിൽ ഷംസ എന്റർടെയ്ൻമെന്റ് സിറ്റി സന്ദർശകരുടെ മനം കവർന്നു. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഷാർജ വാണിജ്യ, വിനോദസഞ്ചാര വികസന അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്കും ഷംസ ഗംഭീര വരവേൽപ്പ് നൽകി. എസ്എസ്‌പിയുടെ ഔദ്യോഗിക ഭാഗ്യചിഹ്നമായ ഷംസ സന്തോഷത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.
ഷാർജ സമ്മർ പ്രമോഷൻസിൽ ഉൾപ്പെടുത്തിയിട്ടുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലേക്കും അനുഭവങ്ങളിലേക്കും സന്ദർശകരെ സ്വാഗതംചെയ്യാനാണ് വിമാനത്താവളത്തിൽ പ്രത്യേക സ്വീകരണപരിപാടി സംഘടിപ്പിച്ചതെന്ന് എസ്‌സിസിഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമിൻ അൽ-അവാദി പറഞ്ഞു. ഷംസ എന്റർടെയ്ൻമെന്റ് സിറ്റിയിലെ പ്രധാനപ്പെട്ട വിനോദ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ പങ്കുവച്ചും യാത്രക്കാർക്ക് സിറ്റിയിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ, കിഴിവ് കൂപ്പണുകൾ, സമ്മാനങ്ങൾ തുടങ്ങിയവ നൽകുകയും ചെയ്തു.
75% വരെ കിഴിവുകൾ, സ്മാർട്ട് ആപ്ലിക്കേഷനിലൂടെയുള്ള ഇലക്ട്രോണിക് റാഫിൾ ഡ്രോകൾ, ഷോപ്പിങ് വൗച്ചറുകൾ, സ്വർണ്ണ ബാറുകൾ തുടങ്ങിയ സമ്മാനങ്ങൾ എന്നിവ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളാണ്. കുട്ടികൾക്കായി പ്രതിവാര ശില്പശാലകളും വിനോദ പരിപാടികളും, കൂടാതെ ഖോർഫക്കാനിൽ മറൈൻ ആക്ടിവിറ്റികളും ഒരുക്കിയിട്ടുണ്ട്.
STORY HIGHLIGHT: sharjah summer promotions
















