വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏഴ് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സമയ പരിധിക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധി തയ്യാറായില്ലെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വിലയിരുത്തും, ആക്ഷേപങ്ങൾ അസാധുവാക്കപ്പെടും എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വ്യക്തമാക്കി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നിലപാട് വ്യക്തമാക്കിയത്. സാങ്കേതികമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം സമർപ്പിക്കാൻ രാഹുൽ ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.
ഒരു മണ്ഡലത്തിലെ വോട്ടറല്ലാത്ത ആരെങ്കിലും വോട്ടർ പട്ടികയെ കുറിച്ച് പരാതി നൽകാൻ ആഗ്രഹിക്കുമ്പോൾ സത്യവാങ്മൂലം ആവശ്യമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഏഴു ദിവസത്തിനുള്ളിൽ രാഹുൽ ഗാന്ധി വിഷയത്തിൽ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ ആരോപണങ്ങൾ അസാധുവാക്കി കണക്കാക്കും. അങ്ങനെയങ്കിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ രാജ്യത്തോട് ക്ഷമാപണം നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. വോട്ടർപട്ടികയെ കുറിച്ചു തെരഞ്ഞെടുപ്പ് നടപടികളെ കുറിച്ചും നിരന്തരം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മൗനം പാലിക്കാൻ കഴിയില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് തെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയത്.
ആക്ഷേപങ്ങൾ ഉന്നയിച്ച് ഒരു തെരഞ്ഞെടുപ്പ് ഹർജിയും ഫയൽ ചെയ്തിട്ടില്ലാത്തപ്പോൾ, പിന്നെ എന്തിനാണ് വോട്ട് മോഷണ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു.ജൂലൈ 31 ന് ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു ‘വോട്ട് മോഷണം’ സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ അഞ്ച് തരത്തിൽ വോട്ടർ പട്ടിയിൽ ക്രമക്കേട് നടന്നു എന്നായിരുന്നു ആരോപണങ്ങളിൽ പ്രധാനം. ഇതിന് പുറമെ മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചും രാഹുൽ ആക്ഷേപം ഉയർത്തിയിരുന്നു. ആരോപണങ്ങൾക്ക് പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ആരോപണത്തിൽ സത്യവാങ്മൂലം സമർപ്പിക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
STORY HIGHLIGHT: submit-declaration-under-oath-in-7-days-cec-on-rahul-gandhi-s-allegations
















