‘മാമന്നന്’ എന്ന ചിത്രത്തിലെ ഗംഭീരപ്രകടനത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ‘മാരീസന്’. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണിത്. ജൂലൈ 25നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. എന്നാൽ തിയേറ്ററിൽ വലിയ നേട്ടം കൈവരിക്കാൻ ചിത്രത്തിനായില്ല. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്തത്.
ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 22 നാണ് ഒടിടി റിലീസ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം.
കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്, രേണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവർ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു ട്രാവലിങ് ത്രില്ലര്‍ ചിത്രമാണിത്. കോമഡി, ത്രില്ലിംഗും വൈകാരികവുമായ നിമിഷങ്ങള്‍ എന്നിവയാണ് ചിത്രത്തിന്റെ പ്രത്യേകത. മാരീസന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത് വി. കൃഷ്ണമൂര്ത്തിയാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂര്‍ത്തി തന്നെയാണ്.
















