ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു ‘വാര്‍ 2’. ഹൃത്വിക് റോഷനൊപ്പം തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന ഹൈപ്പും ഇതിന് ഉണ്ടായിരുന്നു.
ഒരേ ദിവസം തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം കൂലിയുടെ അത്ര നേടിയില്ലെങ്കിലും മികച്ച ഓപണിംഗ് തന്നെയാണ് വാര്‍ 2 നേടിയത്.
എന്നാല്‍ റിലീസിന് ശേഷമുള്ള ആദ്യ തിങ്കളാഴ്ച ബോക്സ് ഓഫീസില്‍ വലിയ ഇടിവാണ് ചിത്രത്തിന് നേരിടേണ്ടിവന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിയത്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് വാര്‍ 2 നേടിയ നെറ്റ് കളക്ഷന്‍ 52 കോടി ആയിരുന്നു. ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകള്‍ ചേര്‍ന്ന് നേടിയ കളക്ഷനാണ് ഇത്.
തമിഴ് പതിപ്പ് കാര്യമായ ചലനമുണ്ടാക്കാതെ പോയപ്പോള്‍ തെലുങ്ക് പതിപ്പ് മികച്ച കളക്ഷന്‍ നേടി. ആദ്യ ദിനത്തിലെ 52 കോടിയില്‍ 22.75 കോടി വന്നത് തെലുങ്ക് പതിപ്പില്‍ നിന്നായിരുന്നു.
ഞായറാഴ്ച മൂന്ന് പതിപ്പുകളും ചേര്‍ന്ന് നേടിയ കളക്ഷന്‍ 32.15 കോടി (ഇന്ത്യ നെറ്റ്) ആയിരുന്നു. എന്നാല്‍ ഞായറാഴ്ച ഇത് 8.4 കോടിയായി ഇടിഞ്ഞു. ഹിന്ദി പതിപ്പിന്‍റെ മാത്രം കാര്യമെടുത്താല്‍ ഞായറാഴ്ച 26.5 കോടി നേടിയ ചിത്രം തിങ്കളാഴ്ച നേടിയത് 7 കോടിയാണ്.
















