ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്തിനെ നായകനാക്കി വന്‍ ഹൈപ്പോടെ എത്തിയ ചിത്രമാണ് കൂലി. തമിഴ് സിനിമയില്‍ ഈ വര്‍ഷം ഏറ്റവും വലിയ പ്രീ റിലീസ് കാത്തിരിപ്പ് ഉയർത്തിയ ചിത്രം കൂടിയായിരുന്നു കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത.
എന്നാല്‍ ലോകേഷിന്‍റെ മുന്‍ ചിത്രങ്ങള്‍ക്ക് ലഭിച്ച തരത്തിലുള്ള പ്രതികരണങ്ങളല്ല ആദ്യ ദിനം ആദ്യ കൂലിക്ക് ലഭിച്ചത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രം നേടിയത്. എന്നാല്‍ ഓപണിംഗ് കളക്ഷനെ ഇത് ഒരു തരത്തിലും ബാധിച്ചില്ല.
കാരണം റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ആദ്യ ദിനത്തിലേക്ക് മാത്രമല്ല, ഞായര്‍ വരെയുള്ള ആദ്യ വാരാന്ത്യ ദിനങ്ങളിലേക്കും ചിത്രത്തിന് മികച്ച അഡ്വാന്‍സ് ബുക്കിംഗ് ലഭിച്ചിരുന്നു.
ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ ദിനങ്ങളിലെ കളക്ഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ്. സണ്‍ പിക്ചേഴ്സ് പുറത്തുവിടുന്ന കൂലിയുടെ രണ്ടാമത്തെ ഒഫിഷ്യല്‍ കളക്ഷന്‍ ആണ് ഇത്.
ആദ്യ ദിനത്തിലെ ആഗോള കളക്ഷന്‍ നേരത്തെ അവര്‍ പ്രഖ്യാപിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം 151 കോടി നേടി എന്നതായിരുന്നു അറിയിപ്പ്.
അതേസമയം ആദ്യ നാല് ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലീസ് ദിനമായ വ്യാഴം മുതല്‍ ഞായര്‍ വരെയുള്ള ദിനങ്ങളില്‍ നിന്ന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 404 കോടിയില്‍ അധികം നേടിയതായാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.
















