ബോളിവുഡിലെ സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് നായകനായ പുതിയ ചിത്രം ‘ദുരന്തര്‍’-ന്റെ ലഡാക്കിലെ ഷൂട്ടിംഗ് സെറ്റില്‍ കൂട്ട ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ വലിയൊരു തടസ്സമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്.
മൈനസ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില താഴുന്ന ലഡാക്കിലെ അതിശൈത്യമുള്ള കാലാവസ്ഥയില്‍ ചിത്രീകരണം പുരോഗമിക്കവെയാണ് സംഭവം. ഞായറാഴ്ച രാത്രിയിലെ അത്താഴം കഴിച്ചതിന് ശേഷമാണ് പലര്‍ക്കും വയറുവേദന, ഛര്‍ദ്ദി, തലകറക്കം, തലവേദന തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് അവരെ ഉടന്‍ തന്നെ ലേയിലുള്ള എസ്എന്‍എം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏകദേശം 600-ഓളം പേരുള്ള ഒരു വലിയ ഷൂട്ടിംഗ് സംഘമാണ് ചിത്രീകരണത്തിനായി ലഡാക്കില്‍ ഉണ്ടായിരുന്നത്. അതില്‍ 120 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാവര്‍ക്കും നല്‍കിയ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്നും, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
2025ലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന സിനിമയാണ് ‘ദുരന്തര്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഇറങ്ങിയപ്പോള്‍ത്തന്നെ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. രണ്‍വീര്‍ സിംഗ് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത്. ശരീരഭാരം കൂട്ടി, കൂടുതല്‍ മാസ്‌കുലിനായ അദ്ദേഹത്തിന്റെ പുതിയ രൂപം ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രണ്‍വീര്‍ സിംഗിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളായ സഞ്ജയ് ദത്ത്, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാറാ അര്‍ജുന്‍, രാകേഷ് ബേദി, ജിമ്മി ഷെര്‍ഗില്‍ എന്നിവര്‍ സഹതാരങ്ങളായി എത്തുന്നുണ്ട്.
















